24.6 C
Kottayam
Friday, March 29, 2024

ശ്രീനാഥ് ഭാസി പറഞ്ഞ വാക്കുകൾ പരാതിയിൽ എഴുതാൻപോലും കഴിഞ്ഞില്ല; കേസുമായി മുന്നോട്ടുപോകും: അവതാരക

Must read

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരേയുള്ള കേസുമായി മുന്നോട്ടുപോകുമെന്നും തെളിവുകളെല്ലാം കൈയിലുണ്ടെന്നും പരാതിക്കാരി. ന്യായവും സത്യവും തന്റെ ഭാഗത്താണെന്ന ധൈര്യത്തിന്റെ പുറത്താണ് കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഇതുപോലെ നാളെ മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. ആരോടും എന്തും പറയാമെന്നുള്ള അവസ്ഥയുണ്ടാകരുതെന്നും പ്രതികരിച്ചാല്‍ മാത്രമേ ഇതിനെല്ലാം ഒരുമാറ്റം ഉണ്ടാവുകയുള്ളുവെന്നും പരാതിക്കാരി പറഞ്ഞു.

ക്യാമറ ഓഫ് ചെയ്യാന്‍ പറഞ്ഞിട്ടാണ് ശ്രീനാഥ് ഭാസി തെറി വിളിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെ ചീത്തപറയുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ മറ്റുപല ചാനലുകളിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും കേട്ടിട്ടുണ്ട്. തന്നെക്കാള്‍ താഴ്ന്ന അവതാരകരോട് അദ്ദേഹം എങ്ങനെയാണെന്ന് പെരുമാറുന്നതെന്ന് സ്വാഭാവികമായി ഊഹിക്കാവുന്നതേയുള്ളു. സ്വരചേര്‍ച്ചകളുണ്ടാകുമ്പോള്‍ കാര്യങ്ങള്‍ മാന്യമായി പറഞ്ഞ് അവസാനിപ്പിക്കണം. തെറി വിളിച്ചല്ല ഒരു സാഹചര്യത്തെ നേരിടേണ്ടത്. മാപ്പുപറഞ്ഞാല്‍ അവിടെ തന്നെ പ്രശ്‌നം തീര്‍ക്കാമായിരുന്നു. കരഞ്ഞു കാണിച്ചാല്‍ ചെയ്ത തെറ്റ് ഒരിക്കലും ശരിയാകില്ലെന്നും അവതാരക പറഞ്ഞു.

അഭിമുഖത്തിനായി വന്നിരുന്ന ഉടന്‍ ശ്രീനാഥ് ഭാസി ചോദിച്ചത് താന്‍ ആ ധ്യാന്‍ ശ്രീനിവാസനെ രക്ഷപ്പെടുത്തുന്ന ചാനല്‍ ആല്ലേ എന്നാണ്. ഞങ്ങള്‍ ധ്യാന്‍ ശ്രീനിവാസനെ അല്ല, ധ്യാന്‍ ഞങ്ങളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് മറുപടി പറഞ്ഞു. മച്ചാന്‍ പൊളിയാണ് എന്നൊക്കെ വളരെ ചിരിച്ചുകളിച്ചു പറഞ്ഞുതുടങ്ങിയ അഭിമുഖമാണിത്. അത്രമാത്രം കംഫര്‍ട്ടബിള്‍ ആയിരുന്ന ഒരാള്‍ അഞ്ചര മിനിറ്റ് കഴിഞ്ഞ് പെട്ടെന്ന് ഇങ്ങനെ പ്രതികരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അണ്‍കംഫര്‍ട്ടബിള്‍ ആണെന്ന് പറഞ്ഞപ്പോള്‍ ശ്രീനാഥ് ഭാസിക്ക് ഏത് തരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കാനാണ് ഇഷ്ടമെന്ന് ചോദിച്ചു. നിങ്ങള്‍ ഇവിടിരുന്ന് ആദ്യം ചോദ്യങ്ങള്‍ ഉണ്ടാക്ക് എന്നുപറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് പോവുകയാണെന്ന് പറഞ്ഞു. ബഹുമാനം കാണിക്കെന്ന് പറഞ്ഞ് ക്യാമറ ഓഫ് ചെയ്യാനും പറഞ്ഞു. ക്യാമറ ഓഫ് ചെയ്‌തെന്ന് ഉറപ്പാക്കിയശേഷമാണ് തെറി വിളിച്ചത്. എന്ത് പ്രകോപനം ഉണ്ടായിട്ടാണ് തെറി വിളിച്ചതെന്ന് അറിയില്ല. ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ അതുമാറ്റാന്‍ തയ്യാറായിരുന്നു.

എന്റെ പരിപാടിയുടെ രീതി ഇതാണെന്ന് അദ്ദേഹത്തിനും അറിയാവുന്നതാണ്. അല്ലെങ്കില്‍ ധ്യാന്‍ ശ്രീനിവാസന്റെ കാര്യം പറയില്ലല്ലോ. ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാണ് അങ്ങനെ ചെയ്‌തെന്നാണ് മനസിലാകാത്തത്. മൂന്ന് വര്‍ഷമായി ഈ ജോലി ചെയ്യുന്ന ആളാണ് താന്‍. ഇന്നുവരെ ഒരു ആര്‍ട്ടിസ്റ്റും മോശമായി പെരുമാറിയിട്ടില്ല. 2013 മുതല്‍ 2019 വരെ ദൂര്‍ദര്‍ശനില്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു.

ന്യൂസ് ചാനലിന് വേണ്ട രീതികളല്ല യൂട്യൂബില്‍ വേണ്ടത്. അത്തരം കണ്ടന്റുകളല്ല ആളുകള്‍ യൂട്യൂബില്‍ കാണാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് മാത്രമാണ് മറ്റൊരു തരത്തില്‍ കണ്ടന്റുകളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്റെ രീതി ചെറിയൊരു വിഭാഗം ഇഷ്ടപ്പെടുന്നത് എന്റെ ചോദ്യങ്ങളുടെ രീതി ഇഷ്ടപ്പെടുന്നതുകൊണ്ടുമാകും. ഒരു 30 ശതമാനം ആളുകള്‍ പറഞ്ഞത് എന്റെ ചോദ്യങ്ങള്‍ക്ക് നിലവാരമില്ലെന്നതാണ്. പക്ഷേ ബാക്കിയുള്ള 70 ശതമാനം പേരും എനിക്ക് പിന്തുണ നല്‍കി ഒപ്പമുണ്ട്. ഒരാളുടെയും കിടപ്പറ രഹസ്യങ്ങളിലേക്കൊന്നുമല്ല ചോദ്യങ്ങള്‍ ചോദിച്ചത്. ആര്‍ക്കും ആരേയും വേദനിപ്പിക്കാത്ത ചില ചോദ്യങ്ങളാണ് ചോദിച്ചത്.

ശ്രീനാഥ് മാപ്പുപറയണമെന്നാണ് സംഭവം നടന്ന അന്ന് ആവശ്യപ്പെട്ടത്. അന്നു രാത്രി തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഓഫീസിലെത്തി മാപ്പുപറഞ്ഞപ്പോള്‍ നിങ്ങളാരും എന്നോട്ട് ഒരുതെറ്റും ചെയ്തിട്ടില്ലെന്നും മാപ്പുപറയേണ്ടെന്നുമാണ് അവരോട് പറഞ്ഞത്. മോശമായി പെരുമാറിയ ആള്‍ മാപ്പുപറയണെന്ന് മാത്രമാണ് അവരോട് ആവശ്യപ്പെട്ടത്. അടുത്ത ദിവസം സിനിമയുടെ പിആര്‍ഒയെ വിളിച്ചുചോദിച്ചപ്പോള്‍ വീണയുടെ പെരുമാറ്റം കൊണ്ടാണ് അങ്ങനെ പ്രതികരിച്ചതെന്നും മാപ്പു പറയില്ലെന്നും ശ്രീനാഥ് ഭാസി അറിയിച്ചതായി അവര്‍ വ്യക്തമായി പറഞ്ഞു. അതിന്റെ ഫോണ്‍കോള്‍ റെക്കോര്‍ഡും കൈയിലുണ്ട്. ഇതിനുപിന്നാലെ സിനിമാ പ്രവര്‍ത്തകരുടെ വാര്‍ത്താ സമ്മേളനത്തിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നടനാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് പരാതിയുമായി മുന്നോടുപോകാന്‍ തീരുമാനിച്ചത്.

പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസുകാരോട് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ആ വാക്കുകളൊന്നും പറയാനോ വായിക്കാനോ കാണാനോ ഒന്നും വയ്യായിരുന്നു. ഇതോടെ പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതിയെന്ന് പോലീസുകാര്‍ പറഞ്ഞു. നിയമ നടപടിക്ക് ഇതെല്ലാം ആവശ്യമായതുകൊണ്ടാണ് ഇതെല്ലാം ചെയ്തതെന്നും അവതാരക പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week