ആൾക്ക് എന്നെപ്പറ്റി അറിയില്ലായിരുന്നു; മുന്നോട്ട് പോകാമെന്ന് തീരുമാനിക്കുന്നത് അപ്പോൾ! ഇത് പക്കാ അറേഞ്ചഡ്: മീര
കൊച്ചി:അവതാരകയായി കരിയർ ആരംഭിച്ച് പിന്നീട് നടിയായും ആർജെ ആയുമെല്ലാം തിളങ്ങിയ താരമാണ് മീര നന്ദൻ. സ്റ്റാർ സിംഗറിന്റെ അവതാരക ആയാണ് മീര കരിയർ ആരംഭിക്കുന്നത്. ഷോയിൽ മത്സരാർത്ഥിയാകാൻ എത്തിയ മീരയ്ക്ക് അവതാരകയായി അവസരം ലഭിക്കുകയായിരുന്നു. തുടർന്നാണ് മീര സിനിമയിലേക്ക് എത്തുന്നത്. സംവിധായകൻ ലാൽ ജോസാണ് മീരയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ നായികയായി എത്തിയ മീര ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്.
ഇപ്പോഴിതാ മീരയുടെ ജീവിതത്തിൽ പുതിയൊരു സന്തോഷവും വന്നെത്തിയിരിക്കുകയാണ്. വിവാഹിതയാകാൻ ഒരുങ്ങുകയാണ് താരം. ശ്രീജുവാണ് വരൻ. സോഷ്യൽ മീഡിയയിൽ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മീര നന്ദൻ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് കൊച്ചിയിൽ നടന്ന ചടങ്ങിനെത്തിയത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ വൈറലായി മാറുകയാണ്.
അതിനിടെ ഇപ്പോൾ വിവാഹനിശ്ചയം മാത്രമാണ് നടത്തുന്നത്, ഒരു വർഷം കഴിഞ്ഞേ വിവാഹം ഉള്ളുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അഭിമുഖത്തിലാണ് മീര നന്ദൻ ഇക്കാര്യം പറഞ്ഞത്. വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും വരൻ ശ്രീജുവിനെ കുറിച്ചുമെല്ലാം മീര അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ മീര എൻഗേജ്‌മെന്റ് വിശേഷം പങ്കുവച്ചതിന് പിന്നലെയാണ് അഭിമുഖവും പുറത്തുവിട്ടത്.
‘അവസാനം അത് സംഭവിക്കുകയാണ്. ഞാൻ വിവാഹിതയാകാൻ പോകുന്നു. വിവാഹം ഇപ്പോഴില്ല. എൻഗേജ്‌മെന്റ് മാത്രമാണ് കഴിഞ്ഞത്. ഒരു വർഷം കഴിഞ്ഞേ വിവാഹമുള്ളൂ. ഒരുപാട് പേർക്കുണ്ടായിരുന്ന ചോദ്യമായിരുന്നു ഇത്. അതിന് ഒരു ഉത്തരമായിരിക്കുകയാണ്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. അത് തന്നെയാണ് ഞാൻ വിശ്വസിച്ചിരുന്നത്. ഇത് ഇപ്പോൾ ശരിയായ സമയമാണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഇപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത്’,
‘ശ്രീജു എന്നാണ് അദ്ദേഹത്തിന്റെ പേര്. ജനിച്ചു വളർന്നതെല്ലാം ലണ്ടനിലാണ്. ആൾക്ക് എന്നെ പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ സംസാരിച്ചു തുടങ്ങിയത്. സിനിമയിൽ അഭിനയിച്ചവർക്ക് എളുപ്പമല്ലേ, ആരെ വേണമെങ്കിലും കിട്ടുമല്ലോ എന്നൊക്കെയുള്ള തെറ്റിദ്ധാരണയുണ്ട്. അങ്ങനെയല്ല കാര്യങ്ങൾ. ഞങ്ങളെ പോലുള്ളവർക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത്’,
‘മീഡിയയിൽ ആണ് നടിയാണ് എന്നൊക്കെ പറയുമ്പോൾ തന്നെ ഫോൺ കട്ട് ചെയ്ത് പോയവരുണ്ട്. ശ്രീജു വന്നത് ഭാഗ്യമായി ഞാൻ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങൾക്ക് നമ്പർ നൽകുന്നത്. ഞങ്ങൾ അങ്ങനെ സംസാരിച്ചു തുടങ്ങി. ആദ്യം എനിക്ക് അത്ര താൽപര്യം ഉണ്ടായിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്. അദ്ദേഹം ലണ്ടനിൽ ജനിച്ചു വളർന്നത് കൊണ്ട് തന്നെ അതിന്റെതായ കൾച്ചറൽ ഡിഫറൻസുകളും ഉണ്ട്’,
‘അതിനുശേഷം ഞങ്ങൾ കണ്ടു. ഞാൻ എന്റെ ഈ കൺസേണുകൾ പറഞ്ഞു. വിവാഹശേഷം ദുബായിൽ നിന്നും മാറേണ്ട കാര്യമില്ല. അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് എനിക്ക് താൽപര്യമായത്, മുന്നോട്ട് പോകാൻ തീരുമാനിച്ചത്. അദ്ദേഹം പിന്നെ ദുബായിലേക്ക് വന്നു. എന്റെ സുഹൃത്തുക്കളെയെല്ലാം പരിചയപ്പെട്ടു. പുള്ളിക്ക് ദുബായിയും ഇഷ്ടപ്പെട്ടു’, മീര നന്ദൻ പറയുന്നു.
‘ശ്രീജു വളരെ ഈസി ഗോയിങ് ആണ്. ഞാൻ ഒരിക്കലും അങ്ങനെയൊരാൾ അല്ല. ഞാൻ വളരെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ സംസാരിച്ചാലും അദ്ദേഹം അതിനെ കൂളായി എടുക്കും. അതാണ് എന്നെ ആകർഷിച്ച ഒരു കാര്യം. ശരിയായ സമയത്ത് എനിക്ക് ശരിയായ ഒരാളെ കിട്ടിയെന്ന് വിശ്വസിക്കുന്നു’, മീര നന്ദൻ പറഞ്ഞു.
വിവാഹനിശ്ചയം വളരെ സ്വകാര്യമായ ഒരു ചടങ്ങായി നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മീര അഭിമുഖത്തിൽ പറഞ്ഞു. അതേസമയം തന്റെ ഭാവി വരൻ വിവാഹനിശ്ചയത്തിന് വേണ്ടി പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ വരുന്നതെന്നും മീര നന്ദൻ പറഞ്ഞു.