CrimeKeralaNews

വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവം; നാടുകാണി ചുരത്തില്‍നിന്ന് മൃതദേഹം കണ്ടെത്തി

മലപ്പുറം: കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹം നാടുകാണി ചുരത്തില്‍നിന്ന കണ്ടെത്തി. പ്രതി സമദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

കണ്ടെത്തിയ മൃതദേഹം സൈനബയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ സമദുമായാണ് കോഴിക്കോട് കസബ പൊലീസാണ് ഇന്ന് രാവിലെ നാടുകാണി ചുരത്തിലെത്തിയത്. നാടുകാണി ചുരത്തില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന് പറയുന്ന സ്ഥലത്തുനിന്ന് തന്നെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

തമിഴ്നാട് അതിര്‍ത്തിയിലാണ് പരിശോധന നടന്നത്. തമിഴ്നാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കായിരിക്കും കൊണ്ടുവരുകയെന്നാണ് വിവരം. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടയുള്ള നടപടികള്‍ക്കുശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക.

ഭാര്യയെ ഏഴാം തീയതി വൈകുന്നേരം മുതൽ കാണാനില്ലായിരുന്നുവെന്നും ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും സൈനബയുടെ ഭര്‍ത്താവ് മുഹമ്മദാലി പറഞ്ഞു. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ എട്ടാം തീയതിയാണ് പരാതി നൽകിയത്. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും മുഹമ്മദാലി പറഞ്ഞു.

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നിന്ന് സൈനബ (57) എന്ന വീട്ടമ്മയെ കാണാതായ സംഭവത്തിലാണ് വഴിത്തിരിവ്. കസബ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സമദ് വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കുകയായിരുന്നു. ഇതോടെയാണ് വീട്ടമ്മയെ കാണാതായ സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.  ഈ മാസം ഏഴിനാണ് കുറ്റിക്കാട്ടൂര്‍ വെളിപറമ്പ് സ്വദേശി സൈനബയെ കാണാതായത്.

ഇതുസംബന്ധിച്ച് ഭര്‍ത്താവ് മുഹമ്മദാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് സൈനബയുടെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞത്. സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മലപ്പുറം സ്വദേശിയായ സമദിന്‍റെ മൊഴി. ഇതേതുടര്‍ന്നാണ് മൃതദേഹം വീണ്ടെടുക്കാന്‍ കോഴിക്കോട് കസബ പൊലീസ് നാടുകാണി ചുരത്തിലേക്ക് പോയത്. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊലനടത്തിയതെന്നാണ് സമദിന്‍റെ മൊഴി.

എന്നാല്‍, സ്വർണം കളവ് പോയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ 17 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു. സൈനബ വധത്തില്‍ കൊല നടത്തിയത് മലപ്പുറം സ്വദേശിയായ സമദും സഹായിയാ സുലൈമാനും ചേര്‍ന്നാണെന്നാണ് പൊലീസ് എഫ്ഐആര്‍. ഈ മാസം ഏഴിന് മുക്കത്തിനടുത്ത് വെച്ചാണ് കൊല നടത്തിയത്.

സൈനബക്ക് പരിചയത്തിലുള്ള സമദിനൊപ്പം കോഴിക്കോട് ബസ് സ്റ്റാന്‍ഡിനടുത്തുവെച്ച് കാറില്‍ പോവുകയായിരുന്നുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മുക്കത്തിന് സമീപത്തുവെച്ച് കാറില്‍ നിന്നും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. കൊലപാതകം പൂര്‍ണമായും ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker