27.3 C
Kottayam
Tuesday, April 30, 2024

‘ശത്രുവിനെ പാഠം പഠിപ്പിച്ചു, ഇനി ഇസ്രയേലിനു തീരുമാനിക്കാം’: ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ,വിദേശകാര്യ മന്ത്രിയെ വിളിച്ച് എസ്. ജയശങ്കർ

Must read

ടെഹ്റാൻ: ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ചാണ് ആക്രമണം അവസാനിപ്പിച്ചെന്ന് ഇബ്രാഹിം റെയ്സി വ്യക്തമാക്കിയത്. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞെന്നും ഇക്കാര്യത്തിൽ ഇറാൻ സൈന്യത്തെ പ്രശംസിക്കുന്നെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് ഇസ്രയേലിന്‍റെ സൈനിക താവളങ്ങളായിരുന്നു. ദേശീയ സുരക്ഷയ്ക്ക്  സമാധാനവും സ്ഥിരതയും മേഖലയിൽ അത്യന്താപേക്ഷിതമാണ്. സ്ഥിരതയും സമാധാനവും പുനരുജ്ജീവിപ്പിക്കാൻ ഏതു ശ്രമവും നടത്താൻ മടിക്കില്ലെന്നും റെയ്സി പറഞ്ഞു.

ഇബ്രാഹിം റെയ്സിയുടെ പ്രതികരണത്തിനു പിന്നാലെ പ്രസിഡന്‍റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക നീക്കം അവസാനിപ്പിച്ചതായി വ്യക്തമാക്കി. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷൻ ഞങ്ങളുടെ കാഴ്‌ചപ്പാടിൽ അവസാനിച്ചു. ഇനി ഇസ്രയേൽ  പ്രതികരിച്ചാൽ മാത്രം മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രയേലിനു നേരെ ഇറാൻ ആക്രമണം നടത്തിയത്. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്‍റെ ആക്രമണത്തോട് ഇസ്രയേല്‍ പ്രതികരിച്ചത്. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയാറെന്നും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞിരുന്നു.

അതേസമയം, ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിയെന്ന് എയർ ഇന്ത്യ അറിയിച്ചു. ഡൽഹിയിൽ നിന്നും ടെൽ അവീവിലേക്ക് ആഴ്ചയിൽ 4 വിമാന സർവീസുകളാണുള്ളത്. ടെൽ അവീവ്, എർബിൽ, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചു. എമിറേറ്റ്സ് എയർലൈൻസും ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. 

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാരുള്ള പശ്ചാതലത്തില്‍ ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എം.എസ്.സി. ഏരീസ് എന്ന കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി എച്ച്. അമിറബ്ദൊള്ളാഹിയാനുമായി ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

നൂറുകണക്കിന് ഡ്രോണുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നവയുടെ ഉപയോഗത്തോടെ മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കിടയിലാണ് അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചത്. ഞായറാഴ്ച വൈകീട്ട് അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തതായി ജയശങ്കര്‍ വ്യക്തമാക്കി.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണുള്ളത്. കപ്പലില്‍ ആകെ 25 ജീവനക്കാരുണ്ട്.

ദുബായില്‍നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എം.എസ്.സി. ഏരീസ് എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) ശനിയാഴ്ച പിടിച്ചെടുത്ത് തീരത്തേക്കടുപ്പിച്ചത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരിടൈമിന്റേതാണ് പോര്‍ച്ചുഗീസ് പതാക നാട്ടിയ എം.എസ്.സി. ഏരീസ് എന്ന കണ്ടെയ്‌നര്‍ കപ്പല്‍.

കപ്പലിലെ സെക്കന്‍ഡ് എഞ്ചിനീയറാണ് ശ്യാംനാഥ്. തേര്‍ഡ് ഓഫീസറായ പാലക്കാട് സുമേഷ് നാലുമാസം മുമ്പാണ് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി (എം.എസ്.സി.) യുടെ കപ്പലില്‍ ജോലിക്ക് കയറിയത്. കപ്പലിലെ സെക്കന്‍ഡ് ഓഫീസറായ പി.വി. ധനേഷ് രണ്ടുമാസം പ്രായമായ മകളെ ആദ്യമായി കാണാന്‍ എത്താനിരിക്കെയാണ് ഇറാന്‍ സേനയുടെ പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week