30.6 C
Kottayam
Tuesday, April 30, 2024

‘തല’വിളയാട്ടം തടുക്കാന്‍ രോഹിത്തിന്റെ സെഞ്ചുറിയ്ക്കുമായില്ല; മുംബൈയെ തകര്‍ത്ത് ചെന്നൈ

Must read

മുംബൈ: രോഹിത് ശര്‍മയുടെ സെഞ്ചുറി കൊണ്ട് മാത്രം രക്ഷപ്പെടുമായിരുന്നില്ല മുംബൈ ഇന്ത്യന്‍സ്. മറുതലക്കല്‍ മാറിമാറി വന്ന ഓരോരുത്തരും പരാജയമായതോടെ ഫലം ചെന്നൈക്ക് അനുകൂലമായി. ഐ.പി.എലിലെ കരുത്തരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 20 റണ്‍സ് ജയം. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദും മതീഷ് പതിരണയും ശിവം ദുബെയും ധോനിയും ചേര്‍ന്ന കൂട്ടായ്മ വിയര്‍പ്പു ചിന്തിയതിന്റെ ഫലം. സ്‌കോര്‍- ചെന്നൈ: 206/4 (20 ഓവര്‍). മുംബൈ: 186/6 (20 ഓവര്‍)

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പവര്‍ പ്ലേയില്‍ അത്ര വലിയ ഓളമൊന്നുമുണ്ടാക്കിയില്ല. പക്ഷേ, ക്യാപ്റ്റന്‍ ഗെയ്ക്‌വാദ് തുടക്കം മുതല്‍ ശ്രദ്ധയോടെ ബാറ്റുവീശി. മധ്യ ഓവറുകളില്‍ ശിവം ദുബെ ആഞ്ഞടിച്ചു. അവസാന ഓവറില്‍ ധോനി തീജ്വാല പടര്‍ത്തുന്ന ഇന്നിങ്‌സ് കാഴ്ചവെച്ചു. തുടര്‍ന്ന് ബൗളിങ്ങിനിറങ്ങിയപ്പോള്‍ മതീഷ് പതിരണയുടെ വകയായും കിട്ടി മുംബൈക്ക്.

മുംബൈക്കുവേണ്ടി 62 പന്തില്‍ അഞ്ച് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 105 റണ്‍സുമായി രോഹിത് ശര്‍മ പുറത്താകാതെ നിന്നെങ്കിലും, സെഞ്ചുറി ടീമിനെ വിജയത്തിലെത്തിച്ചില്ല. പതുക്കെ തുടങ്ങി മധ്യ ഓവറുകളിലും അവസാനത്തിലും കൂറ്റനടികള്‍ നടത്തിയാണ് ചെന്നൈ സ്‌കോര്‍ ഉയര്‍ത്തിയത്. എന്നാല്‍ കൂറ്റനടികളോടെ ഗംഭീരമായ തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ പതറിയത് മുംബൈയെ തോല്‍വിയിലേക്ക് നയിച്ചു.

ആദ്യം ബാറ്റുചെയ്ത ചെന്നൈ നാലുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദും ശിവം ദുബെയും കളം നിറഞ്ഞ് കളിച്ചതോടെയാണ് ചെന്നൈ ഉയര്‍ന്ന സ്‌കോറിലെത്തിയത്. അവസാന ഓവറില്‍ കത്തിക്കയറി ധോനി ടീം സ്‌കോര്‍ 200 കടത്തി.

40 പന്തില്‍ 69 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ ഇന്നിങ്‌സ് ചെന്നൈക്ക് മികച്ച ആരംഭം നല്‍കി. പിന്നാലെ ശിവം ദുബെ വന്ന് കത്തിക്കയറിയതോടെ ടീം സ്‌കോറും റണ്‍ റേറ്റും കുത്തനെ ഉയര്‍ന്നു. രണ്ട് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടെ പുറത്താവാതെ 38 പന്തില്‍ 66 റണ്‍സാണ് ദുബെയുടെ സമ്പാദ്യം. അവസാന ഓവര്‍ എറിയാനെത്തിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക്കിന് കണക്കിന് കൊടുത്ത് ധോനിയും കളം വാണതോടെ ചെന്നൈ സ്‌കോര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 എന്ന നിലയിലെത്തി. ഹാര്‍ദിക്കിന്റെ ഓവറിലെ അവസാന നാല് പന്തുകള്‍ മാത്രം നേരിടാന്‍ അവസരം കിട്ടിയ ധോനി, അതിലെ ആദ്യ മൂന്ന് പന്തും സിക്‌സിന് പറത്തി. അവസാന ബോളില്‍ ഡബിളും നേടി നാല് പന്തില്‍ 20 റണ്‍സെടുത്തു.

രചിന്‍ രവീന്ദ്രയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ അജിങ്ക്യ രഹാനെ രണ്ടാം ഓവറില്‍ത്തന്നെ മടങ്ങി. ജെറാള്‍ഡ് കോട്‌സിയുടെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. എട്ട് പന്തില്‍ അഞ്ച് റണ്‍സ് സമ്പാദ്യം. തുടര്‍ന്ന് ഗെയ്ക്‌വാദ് ക്രീസിലെത്തി. പവര്‍ പ്ലേയില്‍ 48 റണ്‍സാണ് ചെന്നൈ നേടിയത്. എട്ടാം ഓവറില്‍ രചിന്‍ രവീന്ദ്രയും പുറത്തായി. ഒരു സിക്‌സും രണ്ട് ഫോറും ചേര്‍ത്ത് 16 പന്തില്‍ 21 റണ്‍സ് നേടിയ രവീന്ദ്രയെ ശ്രേയസ് ഗോപാലിന്റെ പന്തില്‍ ഇഷാന്‍ കിഷന്‍ ക്യാച്ച് നേടി മടക്കുകയായിരുന്നു.

തുടര്‍ന്നെത്തിയ ശിവം ദുബെ തകര്‍പ്പനടികളോടെ ചെന്നൈ സ്‌കോറിന്റെ വേഗം കൂട്ടി. ഹര്‍ദിക് എറിഞ്ഞ പത്താം ഓവറില്‍ 13 റണ്‍സാണ് ദുബെ വാരിക്കൂട്ടിയത്. ഓവറിലാകെ ഹര്‍ദിക് 15 റണ്‍സ് വഴങ്ങി. ഷെപ്പേര്‍ഡ് എറിഞ്ഞ 14-ാം ഓവറില്‍ ദുബെയും ഗെയ്ക്‌വാദും ചേര്‍ന്ന് രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 22 റണ്‍സ് നേടി. 11 മുതല്‍ 15 വരെയുള്ള അഞ്ചോവറില്‍ 79 റണ്‍സ് നേട്ടം.

ഹാര്‍ദിക് എറിഞ്ഞ 16-ാം ഓവറില്‍ ഗെയ്ക്‌വാദ് പുറത്തായതോടെ ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ട് പൊളിഞ്ഞു. മുഹമ്മദ് നബിയുടെ കൈകളിലേക്ക് ക്യാച്ചായി മടങ്ങുമ്പോള്‍ 69 റണ്‍സാണ് ഗെയ്ക്‌വാദിന്റെ സമ്പാദ്യം. 40 പന്തുകളില്‍ അഞ്ച് വീതം ഫോറും സിക്‌സും ഉള്‍പ്പെട്ടതാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 90 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

തുടര്‍ന്ന് ഡറില്‍ മിച്ചല്‍ ദുബെയ്‌ക്കൊപ്പം ക്രീസില്‍ കൂട്ടിനെത്തിയെങ്കിലും കൂടുതല്‍ നിന്നില്ല. ഹാര്‍ദിക്ക് എറിഞ്ഞ അവസാന ഓവറില്‍ പുറത്തായി. മുഹമ്മദ് നബിക്ക് ക്യാച്ചയാണ് മടങ്ങിയത്. തുടര്‍ന്ന് ക്രീസിലെത്തിയ ധോനി ഹാര്‍ദിക്കിന്റെ ബാക്കിയുള്ള നാല് പന്തുകളില്‍ 20 റണ്‍സ് നേടി. ആദ്യ മൂന്ന് പന്തുകള്‍ അതിര്‍ത്തി കടത്തിയും അവസാന പന്തില്‍ ഡബിളെടുത്തുമാണ് ധോനി ഈ നേട്ടത്തിലെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ, ചെന്നൈയെ അതേ നാണയത്തില്‍തന്നെ തിരിച്ചടിക്കുമെന്ന് തോന്നിക്കുന്ന പ്രകടനങ്ങള്‍ നടത്തി. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും തുടക്കത്തില്‍ കത്തിക്കയറി. പവര്‍ പ്ലേയില്‍ത്തന്നെ വിക്കറ്റ് നഷ്ടപ്പെടാതെ 63 റണ്‍സ് നേടിയിരുന്നു. ചെന്നൈ പവര്‍ പ്ലേയില്‍ 48 റണ്‍സേ നേടിയിരുന്നുള്ളൂ. മുംബൈക്ക് പക്ഷേ, പവര്‍പ്ലേ ആനുകൂല്യം അതേ വിധത്തില്‍ തുടര്‍ന്നുകൊണ്ടുപോവാനായില്ല. അപ്പോഴും ഒരുവശത്ത് രോഹിത് മികച്ച ഇന്നിങ്‌സുമായി ഉറച്ചുനിന്നു.

ടീം സ്‌കോര്‍ 70-ല്‍ നില്‍ക്കേ ഇഷാന്‍ കിഷനാണ് മുംബൈ നിരയില്‍ ആദ്യം പുറത്തായത്. എട്ടാം ഓവറില്‍ മതീഷ പതിരണയുടെ പന്തില്‍ താക്കൂറിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 15 പന്തില്‍ 23 റണ്‍സാണ് കിഷന്‍ നേടിയത്. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവിനെ നേരിട്ട രണ്ടാം പന്തില്‍തന്നെ പുറത്താക്കി (പൂജ്യം). പതിരണയുടെ ഈ ഓവര്‍ കളിയെ മാറ്റിമറിച്ചു എന്നു പറയാം. രണ്ട് വിക്കറ്റുള്ള ആ ഓവറില്‍ വഴങ്ങിയത് അഞ്ച് റണ്‍സ് മാത്രം.

പിന്നീട് മൂന്നാം വിക്കറ്റില്‍ തിലക് വര്‍മയും രോഹിത് ശര്‍മയും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പതിന്നാലാം ഓവറില്‍ പതിരണയുടെ തന്നെ പന്തില്‍ തിലക് വര്‍മയും പുറത്തുപോയി. 20 പന്തില്‍ 31 റണ്‍സാണ് സമ്പാദ്യം. തുടര്‍ന്ന് ഹാര്‍ദിക്കെത്തി ആറ് പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് മാത്രം നേടി പുറത്തായി. തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തില്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച്. അപ്പോഴേക്കും കളി മുംബൈയുടെ വരുതിയില്‍നിന്ന് പോയിരുന്നു.

മധ്യ ഓവറുകളില്‍ റണ്‍ റേറ്റ് കുറഞ്ഞതിനു പുറമേ, അവസാനത്തില്‍ വിക്കറ്റുകള്‍ വീണതും മുംബൈക്ക് വിനയായി. പതിനേഴാം ഓവറില്‍ ടിം ഡേവിഡും (അഞ്ച് പന്തില്‍ 13) പതിനെട്ടാം ഓവറില്‍ റൊമാരിയോ ഷെപ്പേര്‍ഡും പുറത്തായതോടെ മുംബൈ തോല്‍വി ഉറപ്പിച്ചു. ടിം ഡേവിഡിനെ മുസ്താഫിസുര്‍റഹ്‌മാനും ഷെപ്പേര്‍ഡിനെ പതിരണയുമാണ് മടക്കിയത്.

ഈ ഘട്ടത്തിലെല്ലാം രോഹിത് ഒരറ്റത്ത് അപരാജിതനായി നിലയുറപ്പിച്ചത് മാത്രമാണ് മുംബൈ നിരയില്‍ എടുത്തുപറയാന്‍ കഴിയുന്ന ഇന്നിങ്‌സ്. ചെന്നൈക്കുവേണ്ടി മതീഷ് പതിരണ നാല് വിക്കറ്റുകളെടുത്തപ്പോള്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്താഫിസുര്‍റഹ്‌മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week