വേനൽ ചൂടും നോമ്പും വെല്ലുവിളിയായില്ല, ദിലീപിനെ കാണാനെത്തിയത് ആരാധകരുടെ വന്‍കൂട്ടം,ചുമ്മ കിട്ടിയതല്ല ജനപ്രിയൻ പദവിയെന്ന് ആരാധകർ
കൊച്ചി:മിമിക്രി താരമായി തുടങ്ങി സംവിധാന സഹായിയായി ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട് മെല്ലെ മെല്ലെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ദിലീപ്. ജനപ്രിയ നായകന്‍ എന്ന ടാഗ് ലൈന്‍ അദ്ദേഹത്തിന് ആരാധകര്‍ സമ്മാനിച്ചതാണ്. പിന്നീട് കേസും വിവാദങ്ങളും വന്നതോടെ ദിലീപിന്റെ സല്‍പേരുകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീണു.
സംഭവബഹുലമായ അമ്പത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട് പോരാടി ജീവിതം തുടരുകയാണ് ദിലീപ്. നടൻ തിരിച്ച് വരണം പഴയത് പോലെ നിരവധി ഫെസ്റ്റിവൽ മൂഡ് സിനിമകൾ തരണം ജനപ്രിയനായകനെ കാണാൻ ജനങ്ങൾ തിയേറ്ററിലേക്ക് ഒഴുകി എത്തണമെന്നതെല്ലാമാണ് ദിലീപ് ആരാധകരുടെ ആഗ്രഹം. കുറച്ച് നാളുകളെ ആയിട്ടുള്ളു ദിലീപ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട്.
ഇപ്പോൾ നിരവധി പരിപാടികളിലും ഷോപ്പ് ഉദ്ഘാടനങ്ങൾക്കും ക്ഷേത്ര പരിപാടികളിലുമെല്ലാം ദിലീപ് മുഖ്യാതിഥിയായി എത്താറുണ്ട്. വളരെ വർഷങ്ങൾക്ക് ശേഷമാണ് ദിലീപ് ഇത്രത്തോളം പൊതുജന മധ്യത്തിലേക്ക് എത്തുന്നത്. പേരിനേറ്റ കളങ്കം മായിക്കാൻ ജനങ്ങളെ കൈയ്യിലെടുക്കാനാണ് ദിലീപ് കൂടുതൽ ഇത്തരം പരിപാടികളിൽ സജീവ സാന്നിധ്യമാകുന്നതെന്നും സോഷ്യൽമീഡിയ അഭിപ്രായപ്പെടുന്നുണ്ട്.
ഇടയ്ക്കൊക്കെ ഭാര്യ കാവ്യ മാധവനേയും ഇത്തരം പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ ദിലീപ് ഒപ്പം കൂട്ടാറുണ്ട്. ഇപ്പോഴിത സോഷ്യൽമീഡിയിൽ വൈറലാകുന്നത് മലപ്പുറം താനൂരിൽ ഷോപ്പിങ് മാൾ ഉദ്ഘാടനത്തിന് എത്തിയ ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളുമാണ്.
രാവിലെ പത്ത് മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിലേക്ക് ദിലീപ് എത്തിയപ്പോഴേക്കും ആയിരക്കണക്കിന് പേരാണ് താരത്തെ ഒരുനോക്ക് കാണാൻ തടിച്ച് കൂടിയത്. പൊരിവെയിലിലും കഠിന നോമ്പിന്റെ സമയത്തും അവയെല്ലാം സഹിച്ച് ഇത്രയേറെ ജനങ്ങൾ പ്രിയതാരത്തെ കാണാനെത്തുമെന്ന് സംഘാടകരും പ്രതീക്ഷിച്ചിരുന്നില്ല.
അതിനാൽ തന്നെ ഉദ്ഘാടന ചടങ്ങ് കാണാനെത്തിയ ജനങ്ങളുടെ തിരക്ക് എല്ലാവരേയും അത്ഭുതപ്പെടുത്തി. തന്നെ കാണാനായി വേനൽ ചൂട് അവഗണിച്ച് നിന്ന ആരാധകരോട് വളരെ നേരം സംസാരിച്ചശേഷമാണ് ദിലീപ് മടങ്ങിയത്. സദസിൽ നിന്നും നിരവധിപ്പേർ അദ്ദേഹത്തിന് പെയിന്റിങുകളും മറ്റും സ്നേഹ സമ്മാനമായി നൽകുകയും ചെയ്തു.
മാളും പരിസരപ്രദേശവും ജനങ്ങളാൽ നിറഞ്ഞതിനാൽ പല ദിക്കുകളിൽ നിന്നുമെത്തിയ സിനിമാ പ്രേമികൾ മറ്റ് കെട്ടിടങ്ങളുടെ മുകളിൽ കയറി നിന്നാണ് പ്രിയ താരത്തെ കണ്ടത്. നീല ജീൻസും കറുപ്പ് നിറത്തിലുള്ള ഷർട്ടും കട്ട താടിയുമായി സ്റ്റൈലിഷ് ലുക്കിലാണ് ദിലീപ് എത്തിയത്. താനൂരുകാർക്കൊപ്പം നിന്ന് കിടിലൻ ഒരു സെൽഫിയും പകർത്തിയാണ് ദിലീപ് മടങ്ങിയത്.
വീഡിയോ വൈറലായതോടെ നിരവധി പേർ ദിലീപിന് ഇപ്പോഴും ജനങ്ങൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യതയെ പുകഴ്ത്തി. ചുമ്മ കിട്ടിയതല്ല ജനപ്രിയൻ പദവിയെന്നാണ് വേറെ ചില ആരാധകർ സോഷ്യൽമീഡിയയിൽ കുറിച്ചത്. ദിലീപും നടനും സംവിധായകനുമായ വിനീത് കുമാറുമായി ചേർന്ന് ഒരുക്കുന്ന പുതിയ സിനിമ ഡി149 എന്ന് വർക്കിങ് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസമായിരുന്നു.
മാവേലിക്കരയിലെ ചെട്ടികുളങ്ങരയിലായിരിക്കും ദിലീപ്-വിനീത് കുമാർ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനായി ഒരു പ്രമുഖ തെന്നിന്ത്യൻ നായികയെയാണ് അണിയറപ്രവർത്തകർ സമീപിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ദിലീപിന്റെ 149-ാമത്തെ ചിത്രമാണ് ഇത്. രാജേഷ് രാഘവൻ തിരക്കഥയെഴുതുന്നു.
സനു താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീതം മിഥുൻ മുകുന്ദനാണ്. ദീപു ജോസഫാണ് എഡിറ്റർ, റോഷൻ ചിറ്റൂർ പ്രൊജക്ട് ഹെഡ്. ഷിബു ചക്രവർത്തിയും വിനായക് ശശികുമാറും ചേർന്നാണ് ദിലീപ് നായകനാകുന്ന ചിത്രത്തിലെ ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. അതേസമയം റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ബാന്ദ്രയാണ്.