പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിയ്ക്ക് അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് ജീവന്‍ തിരിച്ച് കിട്ടി
കോഴിക്കോട്: പാമ്പുകടിയേറ്റ വിദ്യാര്‍ഥിയ്ക്ക് അധ്യാപകരുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് ജീവന്‍ തിരികെ ലഭിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കനന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃതിക്കാണ് ശരിയായ സമയത്ത് ചികിത്സ ലഭിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെട്ടത്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് അധ്യാപകരുടെ നിരുത്തരവാദപരമായ സമീപനം കാരണം ജീവന്‍ നഷ്ടപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് ഈ സംഭവം.
രാവിലെ സ്‌കൂളില്‍ എത്തിയ കുട്ടി താന്‍ വീണെന്നും എഴുന്നേറ്റ് ബാഗ് കുനിഞ്ഞെടുക്കുന്ന സമയത്ത് കാല് കല്ലില്‍ തട്ടിയപോലെ തോന്നിയതായും കാലില്‍ വേദനയുണ്ടെന്നും പറഞ്ഞു അധ്യാപകനെ സമീപിച്ചു. ക്ലാസ് അധ്യാപകനായ ഗോപകുമാര്‍ ഉടന്‍ കുട്ടിയെ പ്രധാനാധ്യാപികയുടെ അടുത്തെത്തിക്കുകയായിരുന്നു. പ്രധാനാധ്യാപിക ആശയും സീനിയര്‍ അസിസ്റ്റന്റായ രാജീവും ചേര്‍ന്ന് പരിശോധിച്ചപ്പോള്‍ കാലില്‍ വളരെ ചെറിയൊരടയാളം കണ്ടു.
ഉടന്‍തന്നെ കുട്ടിയെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. രക്തപരിശോധനയില്‍ പാമ്പിന്‍ വിഷബാധയേറ്റതായി വ്യക്തമായതായതിനെ തുടര്‍ന്ന് ഉടന്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. വിദ്യാര്‍ഥി ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ സുഖം പ്രാപിച്ചു വരുകയാണ്.