ഐ.പി.എസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള വനിത പോലീസുകാരെ നിരന്തരം വിളിച്ച് അസഭ്യം പറഞ്ഞ യുവാവിന് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി
തൃശൂര്‍: ഐ.പി.എസ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള വനിത പോലീസുകാരെ നിരന്തരം ഫോണില്‍ വിളിച്ച് അസഭ്യവും അശ്ലീലവും പറഞ്ഞ യുവാവിനെ പോലീസ് പിടികൂടി. തിരുവനന്തപുരം തുമ്പ മരിയന്‍ എന്‍ജിനീയറിങ് കോളജിനു സമീപം പുറമ്പോക്കില്‍ ജോസ്(29) എന്നയാളാണ് അറസ്റ്റിലായത്. സിറ്റി വനിത സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്കു ആരോ നിരന്തരം വിളിച്ച് അസഭ്യം പറയുന്നതായി സിവില്‍ പോലീസ് ഓഫിസര്‍മാര്‍ പരാതി നല്‍കിയിരുന്നു. വനിത പോലീസുകാര്‍ ഫോണ്‍ എടുക്കുമ്പോള്‍ അശ്ലീല സംഭാഷണവും,പുരുഷ പോലീസുകാരാണ് ഫോണെടുക്കുന്നതെങ്കില്‍ അവരോട് കേട്ടാലറയ്ക്കുന്ന അസഭ്യ വിളിയുമായിരുന്നു പ്രതികരണം.
തുടര്‍ന്ന് എസ് പി നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും ഐപിഎസ് ഉദ്യോഗസ്ഥര്‍ വരെയുള്ളവരുടെ ഫോണിലേക്ക് അശ്ലീലവിളി എത്തുന്നതായി മനസിലായി. ശേഷം ഇയാള്‍ പിടിയിലാവുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒളിഞ്ഞു നോട്ടത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് ഇയാള്‍ തെറിവിളി തുടങ്ങിയത്. പോലീസ് ഡയറിയില്‍ നിന്നും മറ്റും വിവിധ പോലീസ് സ്റ്റേഷനുകളിലെ നമ്പര്‍ സംഘടിപ്പിച്ചു വിളിച്ചു നോക്കുകയായിരുന്നു രീതി. എടുക്കുന്നത് വനിതാ പോലീസുകാരാണെങ്കില്‍ അവരോട് അശ്ലീലം പറയും. പിങ്ക് പോലീസ്, വനിതാ സ്റ്റേഷന്‍, വനിത സെല്‍ തുടങ്ങിയ നമ്പറുകളിലും ഇയാള്‍ വിളിച്ചിരുന്നു. വനിതാ ഐപിഎസുകാരുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് അശ്ലീല വിഡിയോകള്‍ അയച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.