വർഗീയ പ്രചാരണത്തിനു പിന്നിൽ യുഡിഎഫ്; വ്യാജമാണെങ്കിൽ ഷാഫി തെളിയിക്കട്ടെ: കെ.കെ. ശൈലജ

വടകര: തനിക്കെതിരെ വര്‍ഗീയ പ്രചാരണം ഉണ്ടായത് യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജ. വര്‍ഗീയ പ്രചരണം വ്യാജമാണെന്നു ബോധ്യപ്പെട്ടിട്ടില്ലെന്നും വ്യാജമാണെങ്കില്‍ അത് യുഡിഎഫ് തെളിയിക്കട്ടേയെന്നും ശൈലജ പറഞ്ഞു. കെ.കെ.ശൈലജയ്‌ക്കെതിരെ ‘കാഫിര്‍’ എന്ന പരാമര്‍ശമുള്ള വാട്‌സാപ് സന്ദേശം പ്രചരിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

”എനിക്ക് കിട്ടിയ പേജിന്റെ സ്‌ക്രീന്‍ഷോട്ട് കൈവശമുണ്ട്. അതില്‍നിന്ന് മനസ്സിലാകുന്നത് അവരുടെ പ്രവര്‍ത്തകരുടെ പേജില്‍നിന്നാണ് വന്നതെന്നാണ്. അത് വ്യാജമാണെന്ന് ഷാഫി പറയുന്നതു കേട്ടു. അങ്ങനെയെങ്കില്‍ അവരത് തെളിയിക്കട്ടെ. പക്ഷേ എനിക്ക് കിട്ടിയിട്ടുള്ള അറിവു വച്ച് അത് വ്യാജമല്ല എന്നാണ് തോന്നിയത്. ഇനി അതങ്ങനെ അല്ലെങ്കില്‍ അവര്‍ തെളിയിക്കട്ടെ”- ശൈലജ പറഞ്ഞു.

‘കാഫിറിന് വോട്ടു ചെയ്യരുത്’ എന്ന രീതിയില്‍ കെ.കെ.ശൈലജയ്ക്കെതിരെ പ്രചരിച്ച പോസ്റ്റാണ് വിവാദമായത്. അത് വ്യാജമായി സൃഷ്ടിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ഇന്നു രാവിലെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചിരുന്നു. കാഫിര്‍ എന്നു വിളിച്ചുള്ള വോട്ട് തനിക്ക് വേണ്ടെന്നും എതിര്‍ സ്ഥാനാര്‍ഥിയുടെ ഇത്തരം പ്രസ്താവനകള്‍ ബോധപൂര്‍വമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News