32.8 C
Kottayam
Thursday, May 9, 2024

സംസ്ഥാനത്ത്‌ പോളിങ് വൈകിയത് കൃത്യത ഉറപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രതമൂലം; തിരഞ്ഞെടുപ്പ് കമ്മിഷൻ

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. സംസ്ഥാനത്തെ 25,231 പോളിങ് ബൂത്തുകളില്‍ 95 ശതമാനത്തിലും വൈകിട്ട് ആറ് മണിയോടെ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയായി. 99 ശതമാനം ബൂത്തുകളിലും എട്ട് മണിയോടെ വോട്ടെടുപ്പ് പൂര്‍ത്തിയായെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സംസ്ഥാനത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂര്‍ണമായും തൃപ്തികരമായിരുന്നു. വോട്ടെടുപ്പ് യന്ത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. വടകര മണ്ഡലത്തിലെ ചില ബൂത്തുകളില്‍ മാത്രമാണ് എട്ടുമണിക്കുശേഷവും വോട്ടെടുപ്പ് നടന്നത്.

വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഈ മണ്ഡലത്തിലെ ചില ബൂത്തുകളില്‍ കൂടുതല്‍ വോട്ടര്‍മാര്‍ എത്തിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താന്‍ കൂടുതല്‍ ജാഗ്രത കാണിച്ചത് മൂലമാണ് സ്വാഭാവികമായും കൂടുതല്‍ സമയമെടുത്തത്. ആറ് മണിയോടെ ബൂത്തിലെത്തിയ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരമൊരുക്കുവാനും ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പക്ഷപാതരഹിതമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം പൂര്‍ത്തിയാക്കിയത്. സ്വാഭാവികമായും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരില്‍ മുന്‍പരിചയമുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. ആവശ്യമായ പരിശീലനം നല്‍കിയാണ് എല്ലാ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. വോട്ടര്‍മാരുടെ രേഖകള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത കാണിച്ചത് മൂലമാണ് ചില ബൂത്തുകളില്‍ വോട്ടെടുപ്പിന് കൂടുതല്‍ സമയമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയസാഹചര്യങ്ങളുമൊക്കെ പരിഗണിക്കുമ്പോള്‍ മികച്ച പോളിങ്ങാണ് സംസ്ഥാനത്ത് നടന്നതെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍നിരക്ക്. എന്നാല്‍ ഇക്കുറി ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയില്‍ 0.44 ശതമാനം യൂണിറ്റുകള്‍ക്കും വിവിപാറ്റുകളില്‍ 2.1 ശതമാനത്തിലും മാത്രമാണ് തകരാറുണ്ടായത്.

വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് ലഭിച്ച എല്ലാഗൗരവമുള്ള പരാതികളും പരിശോധിച്ചതായും അന്വേഷണത്തില്‍ അധിക പരാതികളിലും കഴമ്പില്ലെന്ന് വ്യക്തമായതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ഇരട്ടിപ്പ് കണ്ടെത്തിയ മുഴുവന്‍ കേസുകളിലും പരിഹാര നടപടിയെടുത്തിട്ടുണ്ട്. അവ നീക്കിയതായും അദ്ദേഹം പറഞ്ഞു. വളരെ ബൃഹത്തും സങ്കീര്‍ണവുമായ വോട്ടര്‍പട്ടിക ശുദ്ധീകരണം സൂക്ഷ്മതയോടെ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week