ടാര്‍സന്‍ താരം ജോ ലാറ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
നാഷ്വില്ലെ: ടാര്‍സനായി ഹോളിവുഡില്‍ മിന്നിത്തിളങ്ങിയ നടന്‍ ജോ ലാറ (58) വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. യുഎസിലെ നാഷ്വില്ലെയില്‍ പ്രാദേശിക സമയം ശനിയാഴ്ച 11ഓടെയാണ് അപകടമുണ്ടായത്. ലാറയും ഭാര്യ ഗ്വെന്‍ ലാറയും അടക്കം ഏഴു പേര്‍ അപകടത്തില്‍ മരിച്ചു.
സെസ്‌ന 501 എന്ന ബിസിനസ് ജെറ്റാണ് നിയന്ത്രണം വിട്ട് നാഷ്വില്ലെയ്ക്ക് 19 കിലോമീറ്റര്‍ അകലെയുള്ള പെര്‍സി പ്രീസ്റ്റ് ലേക്കില്‍ തകര്‍ന്നുവീണത്. ടെന്നിസെയില്‍ നിന്ന് ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം. വിമാനാവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത് റുഥര്‍ഫോര്‍ഡ് കൗണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അറിയിച്ചു.
1989ല്‍ ‘ടാര്‍സന്‍ ഇന്‍ മാന്‍ഹട്ടന്‍’ എന്ന സിനിമയില്‍ ടാര്‍സനായി വേഷമിട്ടയാളാണ് ലാറ. ‘ടാര്‍സന്‍: ദ് എപിക് അഡ്വഞ്ചേഴ്‌സ്’ എന്ന ടെലിവിഷന്‍ സീരിസിലൂടെയും ജോ ലാറ തരംഗമായി. ബേ വാച്ച് അടക്കമുള്ള നിരവധി പരമ്പരകളിലും ജോ ലാറ അഭിനയിച്ചിട്ടുണ്ട്.