NationalNews

ടീഷർട്ടും ജേഴ്സിയും കീറിയ ഡിസൈനുള്ള ജീൻസും നിരോധിച്ചു; ഡ്രസ് കോഡുമായി കോളേജ്

മുംബൈ: ടീഷർട്ട്, ജേഴ്സി, കീറിയ ഡിസൈനുള്ള ജീൻസ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ നിരോധിച്ച് മഹാരാഷ്ട്രയിലെ കോളേജ്. ചെമ്പൂരിലെ ആചാര്യ & മറാഠേ കോളേജിലാണ് പ്രിൻസിപ്പാൾ ഡ്രസ് കോഡ് വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. നേരത്തെ ഇതേ കോളേജിൽ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാർത്ഥികള്‍ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ‘ഡ്രസ് കോഡും മറ്റ് നിയമങ്ങളും’ എന്ന പേരിൽ കോളേജ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

ജൂൺ 27ന് കോളേജ് പ്രിൻസിപ്പൽ ഡോ. വിദ്യാഗൗരി ലെലെ ഒപ്പിട്ട നോട്ടീസിൽ പറയുന്നത് കാമ്പസിൽ വിദ്യാർത്ഥികൾ ഫോർമലും മാന്യവുമായ വസ്ത്രം ധരിക്കണം എന്നാണ്. ഹാഫ് കൈ ഷർട്ടും ഫുൾ കൈ ഷർട്ടും ധരിക്കാം. പെൺകുട്ടികൾക്ക് ഇന്ത്യൻ അല്ലെങ്കിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാം. മതപരമായ ഒരു വസ്ത്രവും വിദ്യാർത്ഥികൾ ധരിക്കരുത്.

നികാബ്, ഹിജാബ്, ബുർഖ, സ്റ്റോൾ, തൊപ്പി, ബാഡ്ജ് തുടങ്ങിയവ കോളജിൽ സജജീകരിച്ചിരിക്കുന്ന മുറിയിൽ പോയി മാറ്റിയ ശേഷമേ ക്ലാസ്സിൽ പ്രവേശിക്കാവൂ എന്നും നോട്ടീസിൽ പറയുന്നു. അതോടൊപ്പമാണ് ടി-ഷർട്ട്, ജേഴ്സി, കീറിയ ഡിസൈനിലുള്ള ജീൻസ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 

ഹിജാബ് കഴിഞ്ഞ വർഷവും വിദ്യാർത്ഥികൾ സാധാരണയായി ധരിക്കുന്ന ജീൻസും ടി ഷർട്ടും ഈ വർഷവും നിരോധിച്ചെന്ന് ഗോവണ്ടി സിറ്റിസൺസ് അസോസിയേഷനിലെ അതീഖ് ഖാൻ പറഞ്ഞു. മത-ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും സാധാരണയായി ധരിക്കുന്ന വസ്ത്രമാണിത്. അപ്രായോഗികമായ ഇത്തരം ഡ്രസ് കോഡുകൾ കൊണ്ടുവന്ന് വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേറ്റ് ലോകത്തേക്കുള്ള  തയ്യാറെടുപ്പാണ് ഈ ഡ്രസ് കോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർത്ഥികൾ മാന്യമായ വസ്ത്രം ധരിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു. യൂണിഫോം കൊണ്ടുവന്നിട്ടില്ല. എന്നാൽ ഔപചാരികമായ ഇന്ത്യൻ അല്ലെങ്കിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

അഡ്മിഷൻ സമയത്ത് തന്നെ ഡ്രസ് കോഡ് വിദ്യാർത്ഥികളെ അറിയിച്ചിരുന്നുവെന്നും ഇപ്പോൾ എന്തിനാണ് അതിനെക്കുറിച്ച് ആശങ്ക ഉന്നയിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർത്ഥികൾ കാമ്പസിൽ അപമര്യാദയായി പെരുമാറിയ സംഭവങ്ങളും ഡ്രസ് കോഡ് കൊണ്ടുവരാൻ പ്രേരിപ്പിച്ചെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker