Featuredhome bannerHome-bannerKeralaNews

സൂര്യ​ഗായത്രി കൊലക്കേസ്; പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സൂര്യഗായത്രിയെ പേയാട് സ്വദേശി അരുണ്‍ വീട്ടില്‍ക്കയറി കുത്തിക്കൊന്നെന്നാണ് കേസ്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു കുറ്റപത്രം. കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. വിവാഹാഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ കൺമുൻപിൽ വച്ചായിരുന്നു ആക്രമണം.

ഇരുപതുകാരിയായ സൂര്യഗായത്രിയെ മാതാപിതാക്കളുടെ കണ്‍മുന്നിലിട്ട് 33 കുത്ത് കുത്തിയാണ് കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്ത് ഉഴപ്പാക്കോണം എന്ന ഗ്രാമത്തിലാണ് കൊടുംക്രൂരത അരങ്ങേറിയത്. പേയാടിനടുത്ത് ചിറക്കോണത്ത് താമസിക്കുന്ന അരുണാണ് പ്രതി. കൊലയ്ക്ക് തൊട്ടുപിന്നാലെ നാട്ടുകാര്‍ അരുണിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. 

സൂര്യഗായത്രിയെ വിവാഹം കഴിക്കണമെന്ന അരുണിന്റെ ആവശ്യം വീട്ടുകാര്‍ നിരസിച്ചിരുന്നു. പിന്നീട് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നെങ്കിലും അധികം വൈകാതെ വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് സൂര്യയും മാതാപിതാക്കളും താമസിക്കുന്ന വാടകവീട്ടില്‍ അരുണ്‍ എത്തിയതും കൊല നടന്നതും. സൂര്യയ്ക്ക് നല്‍കിയിരുന്ന സ്വര്‍ണവും പണവും തിരിച്ച് ചോദിച്ചപ്പോളുണ്ടായ തര്‍ക്കത്തിനിടെ സൂര്യയാണ് ആക്രമിച്ചതെന്നും അത് തടഞ്ഞപ്പോള്‍ സ്വയം കുത്തി മരിച്ചെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ സൂര്യയുടെ ദേഹത്ത് 33 മുറിവുകളുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മകളെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാപിതാക്കളെ ഉപദ്രവിച്ചതും അതിനെതിരായ തെളിവായി പ്രോസിക്യൂഷനും കാണിച്ചു.

അടുക്കള വാതിലിലൂടെ അകത്തു കടന്നാണ് അരുണ്‍ ക്രൂരമായി മകളെ കൊലപ്പെടുത്തിയതെന്നും മകളെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും ആക്രമിച്ചതായി സൂര്യഗായത്രിയുടെ അച്ഛമും അമ്മയും കോടതിയെ അറിയിച്ചിരുന്നു. അബോധാവസ്ഥയിലായിട്ടും സൂര്യയെ ആക്രമിക്കുന്നതു പ്രതി തുടര്‍ന്നു. സൂര്യയുടെ തല മുതല്‍ കാലുവരെ കുത്തുകളേറ്റ 33 മുറിവുണ്ടായിരുന്നു. തല ചുമരില്‍ പലവട്ടം ഇടിച്ചു മുറുവേല്‍പ്പിച്ചു. പിതാവിന്‍റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ അരുണ്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സമീപത്തെ വീടിന്‍റെ ടെറസിനു മുകളില്‍ ഒളിക്കാന്‍ ശ്രമിച്ച അരുണിനെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ശാരീരിക വെല്ലുവിളി നേരിടുന്നവരാണു സൂര്യഗായത്രിയുടെ അച്ഛനും അമ്മയും. കൊലപ്പെടുത്താനുപയോഗിച്ച കത്തിയും ഇയാള്‍ ധരിച്ചിരുന്ന വസ്ത്രവും തിരിച്ചറിഞ്ഞു. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയില്‍ 88 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ധീന്‍, വിനു മുരളി എന്നിവരാണ് ഹാജരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker