അട്ടപ്പാടി മധു കൊലക്കേസ് വിധി ഏപ്രില്‍ 4ന്
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ വിധിപ്രഖ്യാപനം ഏപ്രിൽ നാലിന്. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടിക വർഗ കോടതിയാണ് വിധി പറയുക. അരി മോഷ്ടിച്ചെന്ന കാരണത്താല്‍ 2018 ഫെബ്രുവരി 22ന് മുക്കാലിയില്‍ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദിച്ച് അവശനാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയായത്. വിചാരണ തുടങ്ങിയതു മുതൽ പ്രോസിക്യൂഷൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു സാക്ഷികളുടെ കൂറുമാറ്റം. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ തടയാൻ പ്രോസിക്യൂഷന് കഴിഞ്ഞു.
മുക്കാലി, ആനമൂളി, കള്ളമല പരിസരത്തുള്ള 16പേരാണ് കേസിലെ പ്രതികള്‍. 129 പേരില്‍ 100 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതില്‍ 24പേര്‍ കൂറുമാറി. അനുകൂലമായി 77 പേർ മൊഴി നൽകി. 10 മുതൽ 17 വരെ സാക്ഷികൾ മജിസ്ട്രേട്ടിനു മുൻപിൽ രഹസ്യമൊഴി നൽകിയവരാണ്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതി ജഡ്ജി കെ.എം.രതീഷ് കുമാറാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
2022 ഏപ്രിൽ 28 നാണ് സാക്ഷി വിസ്താരം തുടങ്ങിയത്. ഇൻക്വസ്റ്റ് സാക്ഷി വെള്ളങ്കരിയെ വിസ്തരിച്ചാണ് തുടക്കം. അഡ്വ. രാജേഷ് എം. മേനോനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചു. ആസൂത്രിതമായി കൂറുമാറ്റം നടന്നെന്ന് കണ്ടെത്തിയതോടെ വിചാരണക്കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഒരാളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. 2022 ഒക്ടോബർ 20ന് പ്രതികൾക്ക് ജാമ്യം നൽകി.