ന്യൂഡൽഹി: കേന്ദ്രമന്ത്രിയായി തൃശ്ശൂരിലെ എംപിയും നടനുമായ സുരേഷ് ഗോപി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കില്ലെന്ന് സൂചന. ഞായറാഴ്ച രാവിലെ ഡൽഹിയിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന സുരേഷ്ഗോപി, നിലവിൽ തിരുവനന്തപുരത്ത് തുടരുകയാണെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ 11.30-ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിയുക്ത കേന്ദ്ര മന്ത്രിമാർക്ക് ചായസൽക്കാരം നൽകുന്നുണ്ട്. സൽക്കാരത്തിനിള്ള ക്ഷണം പല നിയുക്ത മന്ത്രിമാർക്കും ഇതിനോടം ലഭിച്ചിട്ടുമുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പൊന്നും ലഭിക്കാത്തതിനാലാണ് സുരേഷ്ഗോപിയിടെ യാത്ര വൈകുന്നത് എന്നാണ് അറിയുന്നത്. രാത്രി 7.15-ന് ചുമതലയേൽക്കുന്ന കേന്ദ്രമന്ത്രിമാർ, സഹമന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ എന്നിവർക്കാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ചായ സൽക്കാരം നൽകുന്നത്.
രണ്ടു ഘട്ടമായിട്ടായിരിക്കും മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുകയെന്നാണ് ലഭിക്കുന്ന വിവരം. ബിജെപിയിലെയും ഘടകകക്ഷികളിലേയും പ്രധാനപ്പെട്ട നേതാക്കൾ മാത്രമായിരിക്കും ഞായറാഴ്ച മന്ത്രിമാരായും സഹമന്ത്രിമാരായും ചുമതലയേൽക്കുക. ജി7 ഉച്ചകോടി കഴിഞ്ഞ് 15-ന് പ്രധാനമന്ത്രി മടങ്ങിവന്നശേഷമാകും മന്ത്രിസഭയുടെ രണ്ടാംഘട്ട വികസനം ഉണ്ടാവുക. ഈ ഘട്ടത്തിലാവും സുരേഷ് ഗോപിയെ പരിഗണിക്കുക എന്നാണ് സൂചന.