27.7 C
Kottayam
Thursday, March 28, 2024

സെബിക്ക് വീണ്ടും തിരിച്ചടി: റിലയൻസിന് അനുകൂലമായി സുപ്രീം കോടതി വിധി

Must read

ന്യൂഡൽഹി: റിലയൻസ് ഇന്‍ഡസ്ട്രീസിനെതിരെ സെബി നൽകിയ റിവ്യൂ ഹർജി സുപ്രീം കോടതി തള്ളി. മൂന്നംഗ ബെഞ്ചിൽ രണ്ട് പേർ സെബിയുടെ വാദങ്ങൾ നിരാകരിച്ചപ്പോൾ മൂന്നാമത്തെ അംഗം ഇത് ശരിവെച്ചു. ഓഗസ്റ്റ് 5 ന് സുപ്രീം കോടതി റിലയൻസ് ഇന്‍ഡസ്ട്രീസിന് ചില രേഖകൾ കൈമാറാൻ സെബിയോട് ആവശ്യപ്പെട്ടിരുന്നു. ഈ വിധിക്കെതിരെയാണ് സെബി അപ്പീൽ നൽകിയത്. മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

ജസ്റ്റിസ് ലളിത് ഒഴികെ മറ്റ് രണ്ട് പേരും കേസിൽ റിലയൻസ് ഇന്‍ഡസ്ട്രീസിന്‍റെ വാദങ്ങൾ ശരിവെച്ചതോടെയാണ് റിവ്യൂ ഹർജി തള്ളിയത്. ഓഗസ്റ്റ് 5 ലെ വിധി അനുസരിക്കാതിരുന്നതിന് സെബിക്കെതിരെ റിലയൻസ് ഇന്‍ഡസ്ട്രീസ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ, സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ എം ആർ ഷാ, എം എം സുന്ദരേശ് എന്നിവരാണ് ഈ കേസിൽ വാദം കേട്ടത്. ഡിസംബർ രണ്ടിനകം ഈ കേസിൽ സെബി സത്യവാങ്മൂലം സമർപ്പിക്കണം. 

നേരത്തെ സെബിയോട് റിലയൻസ് ഇന്‍ഡസ്ട്രീസ് ചില അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെബിയുടെ നിയമങ്ങൾ പ്രകാരം ഈ രേഖകൾ റിലയൻസിന് കൈമാറേണ്ടതില്ലെന്നായിരുന്നു വാദം. ഇതിലാണ് ഇപ്പോൾ മുകേഷ് അംബാനി കമ്പനി നിയമപ്രകാരം പരമോന്നത കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത്.

അതേസമയം, ഫോർട്ടിസ് ഹെൽത്ത്‌കെയർ ഹോൾഡിംഗ്‌സ് ഉൾപ്പെടെ 52 സ്ഥാപനങ്ങൾക്ക് 21 കോടി രൂപ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കഴിഞ്ഞ ദിവസം പിഴ ചുമത്തിയിരുന്നു. റിലിഗെയർ എന്റർപ്രൈസസിന്റെ വിഭാഗമായ റിലിഗെയർ ഫിൻവെസ്റ്റിന്റെ ഫണ്ടുകൾ ദുരുപയോഗം ചെയ്തതിനാണ് നടപടി. 45 ദിവസത്തിനകം പിഴ അടക്കാനാണ് സെബി ഈ മാസം ആദ്യം ആവശ്യപ്പെട്ടത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week