KeralaNews

അ്ദനിയെ കേരളത്തിലേക്ക് വിടരുതെന്ന് കര്‍ണാടക;വിട്ടാല്‍ എവിടേക്കും ഒളിച്ചോടില്ലെന്ന് കപില്‍ സിബല്‍; നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങള്‍, ഒടുവിൽ സംഭവിച്ചത്

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോവാന്‍ അനുവദിക്കണമെന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഹരജി പരിഗണിക്കെ ഇന്ന് സുപ്രിംകോടതിയില്‍ നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങള്‍.

ഡോക്ടറെ പ്രേരിപ്പിച്ചാണ് മഅ്ദനി ഇത്തരമൊരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ വാദം. എന്നാല്‍ എന്നാല്‍ വൃക്കരോഗവും കാഴ്ചാ പരിമിതിയും മാത്രമല്ല പ്രമേഹം വളരെയേറെ മൂര്‍ച്ഛിച്ചിരിക്കുകയാണെന്നും അതിനാല്‍ മഅ്ദനിയെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോവണമെന്നും അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചു.

വൃക്ക മാറ്റിവെക്കേണ്ടിവന്നാല്‍ കര്‍ണാടകയില്‍ നിന്നുകൊണ്ട് അതിനു കഴിയില്ല. കേരളത്തിലേക്ക് പോയാലേ അതിന് സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, അസുഖബാധിതനായ പിതാവിനെ കാണാനും അനുമതി വേണമെന്നും മുമ്ബ് മാതാവ് ഗുരുതരാവസ്ഥയിലായിരിക്കെ കാണാനുള്ള അവസരം ലഭിച്ചിരുന്നില്ലെന്നും കപില്‍ സിബല്‍ വാദിച്ചു. ഇക്കാര്യത്തില്‍ മാനുഷികപരിഗണന വേണമെന്നും കരുണയുണ്ടാവണമെന്നും കബില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

മഅ്ദനിയെ കേരളത്തിലേക്ക് പോവാന്‍ അനുവദിക്കരുതെന്നും കേസിലെ ആറ് പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും നാട്ടിലേക്ക് പോയാല്‍ അതിന് കാലതാമസുണ്ടാകുമെന്നുമായിരുന്നു കര്‍ണാടക സര്‍ക്കാര്‍ വാദം. എന്നാല്‍ കേരളത്തിലേക്ക് വിട്ടാല്‍ അദ്ദേഹം എവിടേക്കും ഒളിച്ചോടില്ലെന്നും കാരണം മഅ്ദനി ഉത്തരവാദിത്തപ്പെട്ടൊരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.

വര്‍ഷങ്ങളായി കര്‍ണാടകയില്‍ ജാമ്യത്തിലായിരുന്നു മഅ്ദനി. ഇതുവരെ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ല. കര്‍ണാടകയില്‍ നിന്ന് ചെയ്യാന്‍ കഴിയാത്ത എന്ത് കാര്യമാണ് കേരളത്തില്‍ പോയി ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. കോടതിയോടും നീതിന്യായ സംവിധാനത്തോടും വളരെ ബഹുമാനത്തോടെ പെരുമാറുന്ന ആളാണ് അദ്ദേഹം.

മുമ്പ് മറ്റൊരു കേസില്‍ എട്ടരവര്‍ഷം തടവിലാക്കിയിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ നിരപരാധിയെന്ന് കണ്ട് വിട്ടയയ്ക്കുകയായിരുന്നു. ഈയൊരു സാഹചര്യം കൂടി കണക്കിലെടുത്ത് വേണം ഇനിയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനെന്നും കപില്‍ സിബല്‍ കോടതിയെ ബോധിപ്പിച്ചു. ഒടുവില്‍ കപില്‍ സിബലിന്റെ വാദങ്ങള്‍ അംഗീകരിച്ചും കര്‍ണാടക സര്‍ക്കാര്‍ വാദങ്ങള്‍ തള്ളിയും മഅ്ദനിക്ക് കേരളത്തിലേക്ക് പോവാന്‍ സുപ്രിംകോടതി അനുമതി നല്‍കുകയായിരുന്നു.

വിചാരണയുമായി ബന്ധപ്പെട്ട് എപ്പോള്‍ വിളിച്ചാലും കര്‍ണാടകയില്‍ എത്തണമെന്നും വ്യവസ്ഥയുണ്ട്. എട്ട് വര്‍ഷമായി ജാമ്യത്തിലാണെങ്കിലും കര്‍ണാടകയില്‍ തന്നെ നില്‍ക്കണം എന്നതായിരുന്നു വ്യവസ്ഥ. ഇതിനാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ജൂലൈ 10 വരെയാണ് സുപ്രിംകോടതി അനുമതി നല്‍കിയിരിക്കുന്നത്.

ഒരു മാസത്തേക്കാണ് അനുമതി ചോദിച്ചതെങ്കിലും സുപ്രിംകോടതി രണ്ട് മാസത്തേക്ക് നല്‍കുകയായിരുന്നു. കര്‍ണാടക പൊലീസിന്റെ നിരീക്ഷണത്തിലും മേല്‍നോട്ടത്തിലുമായിരിക്കും മഅ്ദനിയെ കൊണ്ടുപോവേണ്ടത്. വിചാരണയുമായി ബന്ധപ്പെട്ട് എപ്പോള്‍ വിളിച്ചാലും കര്‍ണാടകയില്‍ എത്തണമെന്നും വ്യവസ്ഥയുണ്ട്.

നേരത്തെ കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിക്ക് ഇളവ് അനുവദിക്കുന്നതിനെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഭീകരപ്രവര്‍ത്തനം നടത്തിയ ആളാണെന്നും വലിയ രീതിയിലുള്ള സ്വാധീനം ചെലുത്താന്‍ശ്രമിക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നു. മഅ്ദനി സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു കര്‍ണാടക ഭീകരവിരുദ്ധ സെല്ലിന്റെ വാദം. ആയുര്‍വേദ ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നുമാണ് കര്‍ണാടക ഭീകരവിരുദ്ധ സെല്‍ സുപ്രിംകോടതിയിയെ അറിയിച്ചത്.

എന്നാല്‍, തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ലെന്നും പ്രതി ചേര്‍ത്തിരിക്കുന്നത് ഗൂഢാലോചന കേസില്‍ മാത്രമാണെന്നും വ്യക്തമാക്കി മഅ്ദനി കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വ്യക്ക തകരാറിലായതിനാല്‍ വൃക്ക മാറ്റിവെയ്ക്കുന്നതിന് ദാതാവിനെ കണ്ടെത്താനായി കേരളത്തില്‍ പോകണമെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴും എല്ലാ ജാമ്യ വ്യവസ്ഥകളും പാലിച്ചിരുന്നുവെന്നും മഅ്ദനി വ്യക്തമാക്കി. തന്റെ ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങളടക്കം നല്‍കിയാണ് മഅ്ദനി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker