FeaturedHome-bannerKeralaNews

‘ഇന്ത്യ ജനാധിപത്യ രാജ്യം’; കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ് അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി:കോൺഗ്രസ് ടൂൾകിറ്റ് കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. ഇത്തരം നിസാര ഹർജികൾ സമർപ്പിക്കപ്പെടുന്ന വിഷയത്തിൽ കർശന നടപടി സ്വീകരിക്കേണ്ട സമയമായെന്ന് ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് തെളിയിക്കപ്പെട്ടാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രജിസ്ട്രേഷൻ റദ്ദാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്. എന്നാൽ, ഹർജിക്കാരന് ടൂൾകിറ്റിനോട് താത്പര്യമില്ലെങ്കിൽ അതിനെ അവഗണിച്ചാൽ മാത്രം മതിയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതെല്ലാം ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ തന്ത്രം മാത്രമാണ്. ഇത്തരം നിസാര ഹർജികൾ പരിഗണിക്കാനാവില്ല. ഇത്തരം ഹർജികളുടെ പേരിൽ കർശന നടപടി സ്വീകരിക്കേണ്ട സമയമായെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.

അതിനിടെ, കോവിഡിന്റെ ഇന്ത്യൻ വകഭേദം എന്നതടക്കമുള്ള പ്രയോഗങ്ങൾ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്നതാണെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ ശശാങ്ക് ശങ്കർ ഝാ ചൂണ്ടിക്കാട്ടി. സിംഗപ്പുർ വകഭേദമെന്ന പ്രയോഗം സിംഗപ്പുർ വിലക്കിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന കാര്യം താങ്കൾക്ക് അറിയില്ലേ എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രചാരണത്തെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയുമോ എന്നും അദ്ദേഹം ആരാഞ്ഞു.

അതിനിടെ, ടൂൾകിറ്റ് വിഷയത്തിൽ അന്വേഷണം പുരോഗമിക്കുന്ന കാര്യം രണ്ടംഗ ബെഞ്ചിൽ അംഗമായ ജസ്റ്റിസ് എം.ആർ ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോശമായി ചിത്രീകരിക്കാൻ കോൺഗ്രസ് ടൂൾകിറ്റ് തയ്യാറാക്കിയെന്നാണ് ബിജെപിയുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker