30 C
Kottayam
Friday, May 3, 2024

ഇതാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ആ സുബൈദ; ഓമനിച്ച് വളര്‍ത്തിയ ആടുകളെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ വീട്ടമ്മ

Must read

കൊല്ലം: ഇതാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ ആ സുബൈദ. പൊന്നുപോലെ ഓമനിച്ച് വളര്‍ത്തിയ രണ്ട് ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാണ് സുബൈദ കേരളത്തിനാകെ മാതൃകയായത്. പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് എതിര്‍വശം സംഗമം നഗര്‍ 77ല്‍ വാടകയ്ക്കാണ് അറുപതുകാരിയായ സുബൈദ താമസിക്കുന്നത്. കുടുംബത്തിന്റെ വരുമാന മാര്‍ഗം കൂടിയായ ആടുകളെ വിറ്റാണ് സുബൈദ കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയായത്.

ഹൃദ്രോഗ ബാധിതനായി ഓപ്പറേഷന് വിധേയനായ ഭര്‍ത്താവ് അബ്ദുള്‍ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് സുബൈദയുടെ താമസം. മൂന്നു മക്കള്‍ വിവാഹിതരായി മുണ്ടയ്ക്കലില്‍ താമസിക്കുന്നു.
വീടിനോട് ചേര്‍ന്ന് ചായക്കട നടത്തിയാണ് സുബൈദയും ഭര്‍ത്താവ് അബ്ദുല്‍ സലാമും ഉള്‍പ്പെടുന്ന കുടുംബം ജീവിക്കുന്നത്. ഇവിടെ നിന്ന് കാര്യമായ വരുമാനം ലഭിക്കാത്തതിനാലാണ് ആടുകളെ വളര്‍ത്താന്‍ ആരംഭിച്ചത്. കൊവിഡുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എല്ലാ ദിവസവും സുബൈദ കാണുമായിരുന്നു.

കുട്ടികള്‍ വിഷുക്കൈനീട്ടം കൊവിഡ് പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് പത്രങ്ങളില്‍ നിന്ന് വായിച്ചതോടെയാണ് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉടലെടുത്തത്. എന്നാല്‍ തന്റെ തുച്ഛമായ വരുമാനത്തിലൂടെ ഇത് സാധ്യമല്ലെന്ന് ബോധ്യമായതോടെ ആടുകളെ വില്‍ക്കുകയായിരുന്നു.

കിട്ടിയ തുകയില്‍ നിന്ന് അയ്യായിരം രൂപയുമായി കഴിഞ്ഞ ദിവസം രാവിലെ സുബൈദ കളക്ടറെ കാണാന്‍ പോയി. എന്നാല്‍ അദ്ദേഹം അവിടെ ഇല്ലാതിരുന്നതിനാല്‍ ഉച്ചവരെ കാത്തിരുന്ന ശേഷമാണ് പണം കൈമാറിയത്.

അയ്യായിരം നല്‍കിയത് കൊണ്ട് താന്‍ തൃപ്തയല്ലെന്നാണ് സുബൈദ പറയുന്നത്. വരുമാനത്തിന്റെ ചെറിയൊരു ഭാഗം നീക്കിവച്ച് ഇനിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് സുബൈദയുടെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week