ഏഴു വർഷത്തെ ഇടവേളക്ക് ശേഷം വിക്കറ്റെടുത്ത്‌ ശ്രീശാന്തിന്റെ തിരിച്ചുവരവ്

മുംബൈ: ഏഴു വര്‍ഷത്തെ ഇടവേള കഴിഞ്ഞു തിരിച്ചുവരവ് ഉജ്ജ്വലമാക്കി ശ്രീശാന്ത്.സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുവേണ്ടിയുള്ള ആദ്യമത്സരത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിന് വേണ്ടി ശ്രീശാന്ത് പന്തെറിഞ്ഞത്.

ബേസില്‍ തമ്പിക്കൊപ്പം ആദ്യ സ്പെല്‍ എറിഞ്ഞ ശ്രീശാന്ത് തന്‍റെ രണ്ടാം ഓവറില്‍ മലയാളി കൂടിയായ പുതുച്ചേരി ഓപ്പണര്‍ ഫാബിദ് അഹമ്മദിനെ പുറത്താക്കി. ശ്രീശാന്ത് എറിഞ്ഞ തകര്‍പ്പനൊരു ഇന്‍സ്വിങ്ങറാണ് ഫാബിദിന്‍റെ സ്റ്റംപ് തെറിപ്പിച്ചത്.

മത്സരത്തില്‍ നാലോവറില്‍ 29 റണ്‍സ് വഴങ്ങിയ ശ്രീശാന്ത് ഒരു വിക്കറ്റാണ് നേടിയത്. ആദ്യ ഓവറില്‍ 9 റണ്‍സും രണ്ടാം ഓവറില്‍ ആറു റണ്‍സും മൂന്നാം ഓവറില്‍ 10 റണ്‍സും നാലാം ഓവറില്‍ നാലു റണ്‍സുമാണ് ശ്രീശാന്ത് വഴങ്ങിയത്.