FootballNewsSports

സ്വിസ് ബാങ്ക് പൂട്ടി സ്പെയിൻ,യൂറോ സെമിയിൽ

സെയ്ന്റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളുകൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. സ്വിറ്റ്സർലൻഡിനായി ഷെർദാൻ ഷാക്കിരി ഗോൾ നേടിയപ്പോൾ ഡെന്നിസ് സാക്കറിയയുടെ സെൽഫ് ഗോൾ സ്പെയിനിന് തുണയായി.

സ്പെയിൻ രണ്ട് മാറ്റങ്ങൾ ടീമിൽ വരുത്തിയപ്പോൾ ഒരു മാറ്റമാണ് സ്വിറ്റ്സർലൻഡ് ടീമിലുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ സ്പെയിൻ കൂടുതൽ സമയം പന്ത് കൈവശം വെച്ചു. മികച്ച പാസിങ് ഗെയിമാണ് സ്പെയിൻ കാഴ്ചവെച്ചത്.മികച്ച കളി പുറത്തെടുത്ത സ്പെയിൻ മത്സരത്തിന്റെ എട്ടാം മിനിട്ടിൽ തന്നെ സ്വിറ്റ്സർലൻഡിനെതിരേ ലീഡെടുത്തു. സ്വിസ് താരം ഡെന്നിസ് സാക്കറിയയുടെ സെൽഫ് ഗോളാണ് സ്പെയിനിന് തുണയായത്.

എട്ടാം മിനിട്ടിൽ സ്പെയിനിന് അനുകൂലമായി ലഭിച്ച മത്സരത്തിലെ ആദ്യ കോർണറാണ് ഗോളിന് വഴിവെച്ചത്. കോക്കെ എടുത്ത കോർണർ കിക്ക് ബോക്സിന് പുറത്തുനിന്ന ജോർഡി ആൽബയുടെ കാലിലേക്കാണെത്തിയത്. ആൽബയെടുത്ത ലോങ്റേഞ്ചർ സ്വിസ് താരം സാക്കറിയയുടെ കാലിൽ തട്ടി തിരിഞ്ഞ് ഗോൾകീപ്പർ സോമറിനെ കാഴ്ചക്കാരനാക്കി വലയിലെത്തി. മത്സരത്തിൽ ലക്ഷ്യത്തിലേക്ക് അടിച്ച ആദ്യ കിക്കിൽ തന്നെ ഗോൾ നേടാൻ സ്പെയിനിന് സാധിച്ചു.

17-ാം മിനിട്ടിൽ സ്വിസ് ബോക്സിന് തൊട്ടുവെളിയിൽ വെച്ച് ആൽവാരോ മൊറാട്ടയെ ഫൗൾ ചെയ്തതിന് സ്പെയിനിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാൽ കോക്കെ എടുത്ത ഫ്രീകിക്ക് സ്വിസ് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.23-ാം മിനിട്ടിൽ സ്വിസ് മുന്നേറ്റതാരം ബ്രീൽ എംബോളോ പരിക്കേറ്റ് മടങ്ങിയത് ടീമിന് തിരിച്ചടിയായി. താരത്തിന് പകരം റൂബൻ വർഗാസ് ഗ്രൗണ്ടിലെത്തി. 25-ാം മിനിട്ടിൽ സ്പെയിനിന്റെ അസ്പിലിക്യൂട്ടയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ സ്വിസ് ഗോൾകീപ്പർ സോമർ അനായാസം കൈയ്യിലൊതുക്കി. ആദ്യ പകുതിയിൽ നിരവധി സെറ്റ്പീസുകളാണ് സ്വിറ്റ്സർലൻഡ് നേടിയെടുത്തത്. പക്ഷേ അതൊന്നും ഗോളാക്കി മാറ്റാൻ ടീമിന് സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ, സരാബിയയ്ക്ക് പകരം ഗ്രൗണ്ടിലെത്തിയ ഓൽമോയ്ക്ക് മികച്ച ഗോളവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുർബലമായ ഷോട്ട് സ്വിസ് ഗോൾകീപ്പർ സോമർ കൈയ്യിലൊതുക്കി. രണ്ടാം പകുതിയിൽ സമനില ഗോൾ നേടാനായി സ്വിസ് ടീം ആക്രമിച്ചുകളിച്ചു. 56-ാം മിനിട്ടിൽ സാക്കറിയയുടെ ഗോളെന്നുറച്ച ഹെഡ്ഡർ സ്പെയിൻ പോസ്റ്റിലുരുമ്മി കടന്നുപോയി. 59-ാം മിനിട്ടിൽ ഫെറാൻ ടോറസിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

64-ാം മിനിട്ടിൽ സ്വിസ്സിന്റെ സ്യൂബറുടെ ഗോൾവലയിലേക്കുള്ള ഷോട്ട് തട്ടിയകറ്റി ഗോൾകീപ്പർ സിമോൺ സ്പെയിനിന്റെ രക്ഷകനായി. ഒടുവിൽ തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ സ്വിറ്റ്സർലൻഡ് സമനില ഗോൾ നേടി.68-ാം മിനിട്ടിൽ നായകൻ ഷെർദാൻ ഷാക്കിരിയാണ് സ്വിസ് പടയ്ക്കായി ഗോൾ നേടിയത്. സ്പെയിൻ പ്രതിരോധം വരുത്തിയ വലിയ പിഴവിൽ നിന്നുമാണ് ഗോൾ പിറന്നത്. ബോക്സിനുള്ളിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ലാപോർട്ടെയും പോൾ ടോറസ്സും പരാജയപ്പെട്ടു.

ഇരുവരും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് ഇതിനുകാരണം. ഈ പിഴവിലൂടെ പന്ത് പിടിച്ചെടുത്ത ഫ്ര്യൂലർ നായകൻ ഷാക്കിരിയ്ക്ക് പാസ് നൽകി. കൃത്യമായി പാസ് സ്വീകരിച്ച ഷാക്കിരി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ മത്സരം ആവേശത്തിലായി. ഗോൾ വഴങ്ങിയതോടെ സ്പെയിൻ ഉണർന്നുകളിച്ചു.

78-ാം മിനിട്ടിൽ സ്വിറ്റ്സർലൻഡിന് മത്സരത്തിൽ തിരിച്ചടി നേരിടുന്നു. സ്വിസ് ഗോളിന് വഴിവെച്ച റെമോ ഫ്ര്യൂലർ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ടീം പത്തുപേരായി ചുരുങ്ങി. 84-ാം മിനിട്ടിൽ ലഭിച്ച മികച്ച അവസരം സ്പെയിനിന്റെ മൊറേനോ പാഴാക്കി. വൈകാതെ മത്സരത്തിലെ നിശ്ചിത സമയം പൂർത്തിയായി ഇരുടീമുകളും എക്സ്ട്രാ ടൈമിൽ കളിക്കാനാരംഭിച്ചു.

92-ാം മിനിട്ടിൽ മൊറേനോയ്ക്ക് വീണ്ടും സുവർണാവസരം ലഭിച്ചു. ജോർഡി ആൽബയുടെ ക്രോസിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ മൊറേനോയെടുത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി. പത്തുപേരായി ചുരുങ്ങിയതുമൂലം അധികസമയത്ത് സ്വിറ്റ്സർലൻഡ് പ്രതിരോധത്തിൽ മാത്രമാണ് ശ്രദ്ധിച്ചത്. 95-ാം മിനിട്ടിൽ ജോർഡി ആൽബയെടുത്ത ലോങ്റേഞ്ചർ സോമർ തട്ടിയകറ്റി.

100-ാം മിനിട്ടിൽ ഒരു ഓപ്പൺ ഹെഡ്ഡർ ലഭിച്ചിട്ടും അത് ഗോളാക്കി മാറ്റാൻ മൊറേനോയ്ക്ക് സാധിച്ചില്ല. തൊട്ടുപിന്നാലെ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ മൊറേനോയ്ക്ക് അവസരം ലഭിച്ചു. ലക്ഷ്യത്തിലേക്ക് കൃത്യമായി ഷൂട്ട് ചെയ്തെങ്കിലും ഗോളെന്നുറച്ച കിക്ക് അത്ഭുതകരമായി സോമർ തട്ടിയകറ്റി. 103-ാം മിനിട്ടിൽ സ്പെയിനിന്റെ ഒയാർസബാലിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി സോമർ വീണ്ടും സ്വിസ് ടീമിന്റെ രക്ഷകനായി.

എക്സ്ട്രാ ടൈമിൽ തകർപ്പൻ പ്രതിരോധമാണ് സ്വിറ്റ്സർലൻഡ് കാഴ്ചവെച്ചത്. സ്പെയിൻ താരങ്ങൾ ബോക്സിനുള്ളിൽ നിറഞ്ഞിട്ടും സ്വിസ് പ്രതിരോധനിര പാറപോലെ ഉറച്ചുനിന്നു. 111-ാം മിനിട്ടിൽ ഡാനി ഓൽമോയുടെ മികച്ച ഷോട്ട് സോമർ കൈയ്യിലൊതുക്കി. 116-ാം മിനിട്ടിൽ സെർജിയോ ബുസ്കെറ്റ്സിന്റെ ഹെഡ്ഡറും സോമർ കൈപ്പിടിയിലാക്കി. വൈകാതെ എക്സ്ട്രാ ടൈമും അവസാനിച്ചു. മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker