തൃശ്ശൂരിൽ അഭിഭാഷകനെ ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

തൃശ്ശൂര്‍: തൃശ്ശൂരിൽ അഭിഭാഷകനെ ഓഫീസിൽ അതിക്രമിച്ച് കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.കെ സുരേഷ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ തൃശ്ശൂർ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അയ്യന്തോളിൽ കോടതിക്ക് സമീപം വീടിനോട് ചേർന്നുള്ള ഓഫീസിലെത്തിയാണ് അഭിഭാഷകനു നേരെ ആക്രമണമുണ്ടായത്. അക്രമി ഓഫീസിനകത്ത് കയറി അഭിഭാഷക‍ന്‍റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചു. അഭിഭാഷകന്‍ ഓഫീസിൽ നിന്നും ഉടൻ പുറത്ത് കടന്നതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

അക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് അഭിഭാഷകൻ ആരോപിക്കുന്നു ചാലക്കുടി സ്വദേശി രാധാകൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ചില തെറ്റിദ്ധാരണകൾ മൂലമാണ് ഇയാൾ തന്നെ ആക്രമിച്ചത്. വധഭീഷണി നിലനിൽക്കുന്നതിനാൽ വീടിനു പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News