കാട്ടാനയെ കൊന്ന് കൊമ്പെടുത്തത് ആറംഗ സംഘം, പ്രതികൾക്കായി തെരച്ചിൽ
തൃശൂര്‍: വാഴക്കോട്ട് കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലിൽ മോഹന്റേതാണ് മൊഴി. രണ്ട് പേരുടെ പേരുവിവരങ്ങളും അഖിൽ വെളിപ്പെടുത്തി. പ്രതികൾക്കായി വനംവകുപ്പ് തെരച്ചിൽ തുടരുകയാണ്. അഖിലിന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളതാണ് അന്വേഷണത്തിൽ നിർണായകമായത്. ആറംഗ സംഘത്തിൽ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ജഡം പുറത്തെടുത്തിരുന്നു. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബർ എസ്റ്റേറ്റ്. വനം വന്യജീവി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ അസ്ഥികൂടം പരിശോധനയിൽ കണ്ടെത്തി. രണ്ടര മാസത്തെ പഴക്കമാണ് തുടക്കത്തിൽ സംശയിച്ചതെങ്കിലും ആനയുടെ ജഡത്തിന് 20 ദിവസത്തെ പഴക്കമേയുള്ളൂവെന്ന് പിന്നീട് കണ്ടെത്തി. വേഗം അഴുകിപ്പോകാൻ എന്തെങ്കിലും രാസപദാർത്ഥം കലർത്തിയോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.
സ്ഥലമുടമ റോയ് ഒളിവിലാണെന്നാണ് വിവരം. ആനയെ വേട്ടയാടി പിടിച്ച് കൊലപ്പെടുത്തിയതാണോയെന്ന് സംശയം ഉയർന്നിരുന്നു. പ്രാഥമിക പരിശോധനയിൽ ആന ചരിഞ്ഞത് വെടിയേറ്റിട്ടല്ലെന്നാണ് നിഗമനം. 15 വയസ് മാത്രം പ്രായമുള്ളതാണ് ആനയെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന്റെ സംശയം. റോയിയെ കണ്ടെത്താനായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ആനയെ കൊന്നതാണോ എന്നും ഷോക്കേറ്റതാണോയെന്നും സംശയമുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ട്. ആന ചരിഞ്ഞതാണെങ്കിൽ വനം വകുപ്പിന്റെ അറിയിക്കേണ്ടതായിരുന്നു, അതുണ്ടായില്ല. ഇത്തരത്തിൽ വനം വകുപ്പിനെ അറിയിക്കാതെ ജഡം കുഴിച്ചുമൂടിയത് എന്തിനെന്ന് സംശയമുണ്ട്. കൊന്നതാണെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.