ന്യൂഡൽഹി:സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. സിപിഎം പാർട്ടി കോൺഗ്രസ് ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് സിപിഎമ്മിൽ ഈ ധാരണ. കേരളത്തിൽ നിന്ന് പിബിയിൽ എ വിജയരാഘവൻ എത്തിയേക്കും.
വിശാഖപട്ടണത്ത് പാർട്ടി കോൺഗ്രസ് നടന്നപ്പോള്‍ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി എത്തിയത്. എസ്ആർപിയുടെ പേരും ശക്തമായി ഉയർന്ന പാർട്ടി കോൺഗ്രസിൽ അവസാന ദിനം മാത്രമാണ് യെച്ചൂരി നയിക്കട്ടെ എന്ന ധാരണയുണ്ടായത്. കഴിഞ്ഞ തവണ പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ നടന്നപ്പോഴും അവസാന ദിനം വരെ നാടകീയ നീക്കങ്ങൾ തുടർന്നു. ചില ഒത്തുതീർപ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ് അവസാനം യെച്ചൂരി തുടരാൻ കേരള ഘടകം ഉൾപ്പടെ പച്ചക്കൊടി കാട്ടിയത്. ഇത്തവണ കണ്ണൂരിൽ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് തർക്കം ഉണ്ടാവില്ല. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെക്കുറിച്ച് വിവാദം വേണ്ട എന്നതാണ് പാർട്ടിക്കുള്ളിലെ ധാരണ.
സിപിഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി തുടരുമെന്ന് മുതിർന്ന നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന സമ്മേളനങ്ങളിലുയർന്ന വിവാദം കൂടി പരിഗണിച്ചാണ് നേതൃത്വം ഈ ധാരണയിൽ എത്തുന്നത്. പോളിറ്റ് ബ്യൂറോയിൽ നിന്ന് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ മൂന്ന് നേതാക്കൾ ഒഴിവാകും. എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബസു എന്നിവരാകും ഒഴിവാകുക. കേരളത്തിൽ നിന്ന് എ വിജയരാഘവൻ പിബിയിൽ എത്തും എന്നാണ് സൂചന.
സീതാറാം യെച്ചൂരി ഒരിക്കൽ കൂടിൽ നേതൃത്വത്തിൽ എത്തും എന്ന് ഉറപ്പാകുകയാണ്. എന്നാൽ യെച്ചൂരിയുടെ നയങ്ങൾ എത്രത്തോളം പാർട്ടി കോൺഗ്രസ് അംഗീകരിക്കും എന്നറിയാൻ കാത്തിരിക്കണം.