പുതിയ വൈറസുകള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യത; ചൈനയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലും ആര്‍ക്കും തിരിച്ചറിയാനാകാത്ത നിരവധി വവ്വാലുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്
ബീജിംഗ്: ചൈനയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലും ആര്‍ക്കും തിരിച്ചറിയാനാകാത്ത നിരവധി വവ്വാലുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 40 ശതമാനത്തോളം വവ്വാലുകളുടെ സ്വഭാവം എന്താണെന്ന് ഇനിയും മനസിലായിട്ടില്ല. ഇത് പുതിയ വൈറസുകള്‍ പടരുന്നതിന് കാരണമാകുമെന്നാണ് പഠനം പറയുന്നത്. 11 വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട തിരിച്ചറിയപ്പെടാത്ത 44 തരത്തിലുള്ള വവ്വാലുകള്‍ ഉണ്ടെന്ന് ഗവേഷകര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൂഢസ്വഭാവമുള്ള റിനോലോഫിഡേ സ്പീഷീസിനുള്ള വവ്വാലുകളെയാണ് ഇനിയും പഠിക്കേണ്ടതായുള്ളത്. യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലേയും ചൈനീസ് അക്കാദമി ഓഫ് സയന്‍സിലേയും ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് തിരിച്ചറിയാത്ത വവ്വാലുകളെ കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. ഈ വവ്വാലുകളെ കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുള്ള വൈറസുകളുടെ കേന്ദ്രമാണ് കുതിരയുടെ കാലിന് സമാനമായ രൂപമുള്ള വവ്വാലിനുള്ളതെന്നും പഠനം വ്യക്തമാക്കുന്നു. കൊറോണ വൈറസിന് കാരണമായ വൈറസും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.
കൊറോണ വൈറസിന് കാരണമായ വവ്വാലുകളെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങുകയാണ്. സാര്‍സ് കോവ് 2 വൈറസിനോട് ഏറ്റവും സാമ്യമുള്ള വൈറസിനെ തെക്കുകിഴക്കന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ കണ്ടെത്തിയിട്ടുള്ളതായി പഠനം പറയുന്നു. റിനോലോഫിഡെ അഫിനിസ് എന്ന സ്പീഷീസിലാണ് ഈ വവ്വാലുകള്‍ രൂപപ്പെടുന്നത്.