മഠത്തിനുള്ളില്‍ വെച്ച് കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്; ആശങ്ക പങ്കുവെച്ച് സിസ്റ്റര്‍ ലൂസി കളപ്പുര
കൊച്ചി: താന്‍ മഠത്തിനുളളില്‍വെച്ച് കൊല്ലപ്പെടാന്‍ സാധ്യയയുണ്ടെന്ന ആശങ്ക പങ്കുവെച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. താന്‍ കണ്ട അരുതാത്ത കാഴ്ച സഭാ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. മഠത്തിന് സമീപം കഴിഞ്ഞ ദിവസം എത്തിയ അപരിചിതനില്‍ സംശയമുണ്ടെന്നും താന്‍ ഉടന്‍ കൊല്ലപ്പെടാനോ തന്നെ മനോരോഗിയാക്കി മാറ്റാനോ സാധ്യതയുണ്ടെന്നും ലൂസി കളപ്പുര പറഞ്ഞു.
നിലവില്‍ തന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ നുണ പരിശോധക്ക് വരെ തയ്യാറാണെന്നും തനിക്ക് എതിര്‍വാദം പറയുന്നവരേയും അതിന് വെല്ലുവിളിക്കുന്നതായും സിസ്റ്റര്‍ ലൂസി പറഞ്ഞു.
എന്നാല്‍ സിസ്റ്റര്‍ ലൂസി ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അവാസ്ഥവമെന്നാണ് മാനന്തവാടി രൂപതയുടെ പ്രതികരണം.ആരോപണം അന്വേഷിച്ച സംഘത്തിന് ഇക്കാര്യം ബോധ്യപ്പെട്ടതാണ്. ലൂസിക്കെതിരെ വിട്ടുവീഴ്ചകളില്ലാത്ത നിയമനടപടി ഇനി ശക്തമാക്കുമെന്നും സഭാവക്താവ് സാലു എബ്രഹാം പറഞ്ഞു.
തനിക്ക് വധഭീഷണിയുണ്ടെന്ന രീതിയില്‍ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതി വെളളമുണ്ട പോലീസ് അന്വേഷിച്ച് വരികയാണ്. മഠത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ നല്‍കിയ അപ്പീല്‍ വത്തിക്കാന്റെ പരിഗണനയിലിരിക്കെയാണ് പുതിയ വിവാദങ്ങള്‍.