25.6 C
Kottayam
Friday, April 19, 2024

കാര്‍ഷിക ബില്ലില്‍ പ്രതിഷേധം,ശിരോമണി അകാലി ദള്‍ എന്‍ഡിഎ സഖ്യം വിട്ടു.

Must read

ദില്ലി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് ശിരോമണി അകാലി ദള്‍ എന്‍ഡിഎ സഖ്യം വിട്ടു. നേരത്തെ ഇവരുടെ മന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദല്‍ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. മന്ത്രി രാജിവെച്ചെങ്കിലും സഖ്യം തുടരുമെന്ന് അറിയിച്ച അകാലിദള്‍ കര്‍ഷക സമരം ശക്തമായതോടെയാണ് നിലപാട് മാറ്റിയത്. പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷക താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അകാലിദള്‍ പറഞ്ഞു.

പാര്‍ട്ടി പ്രസിഡന്റ് സുഖ്ബിര്‍ സിംഗ് ബാദലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനമുണ്ടായത്. കേന്ദ്ര സര്‍ക്കാറിന് മര്‍ക്കടമുഷ്ടിയാണെന്നും നിയമപരമായി താങ്ങുവില ഉറപ്പാക്കാനുള്ള നിര്‍ദേശം നിരസിച്ചതുമാണ് മുന്നണി വിടാനുള്ള കാരണമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. പഞ്ചാബി, സിഖ് പ്രശ്‌നങ്ങളില്‍ മോദി സര്‍ക്കാറിന്റെ നിലപാട നിഷേധാത്മകമായി തുടരുകയാണെന്നും അകാലിദള്‍ കുറ്റപ്പെടുത്തി. ആദ്യ കാലം മുതലേ ബിജെപിയുടെ സഖ്യകക്ഷിയാണ് അകാലിദള്‍. പാര്‍ട്ടിയുടെ മുന്നണി മാറ്റം പഞ്ചാബില്‍ ബിജെപിക്ക് തിരിച്ചടിയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week