ഓപ്പറേഷന്‍ ഫെമിനിസം നാട്ടില്‍ ഇനിയും ആവര്‍ത്തിക്കും,നിയമം സമ്പൂര്‍ണ്ണമായി തോല്‍ക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റ് ആണെങ്കിലും അത് ഒരര്‍ത്ഥത്തില്‍ നീതിയാണ് ; അഡ്വ. ഹരിഷ് വാസുദേവന്‍

പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ളീല വീഡിയോ പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തതിന് പിന്തുണയുമായി അഡ്വ.ഹരിഷ് വാസുദേവന്‍ തിരുവനന്തപുരത്തെ ഓപ്പറേഷന്‍ ഫെമിനിസം നാട്ടില്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിയമം സമ്പൂര്‍ണ്ണമായി തോല്‍ക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റ് ആണെങ്കിലും അത് ഒരര്‍ത്ഥത്തില്‍ നീതിയാണെന്നും അയാളുടെ വീഡിയോ വയലന്‍സ് ആണ്. അതിനെതിരായ സ്ത്രീകളുടെ ചെറുത്തുനില്‍പ്പാണ് നാം കണ്ടതെന്നും ഹരിഷ് പറഞ്ഞു. പാര്‍ലമെന്റിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സമ്പൂര്‍ണ പരാജയമാണ് ഈ സൈബര്‍ ബുള്ളിയിങ്. ഐടി ആക്ടില്‍ ഭേദഗതി കൊണ്ടുവരാതെ കേന്ദ്രമാണ് ഈ സ്ഥിതി ഉണ്ടാക്കിയതെന്നും ഞരമ്പ് രോഗികളെ സോഷ്യല്‍ മീഡിയയില്‍ മേയാന്‍ വിട്ടിരിക്കുകയാണ് സര്‍ക്കാരുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹരിഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

തിരുവനന്തപുരത്തെ ഓപ്പറേഷന്‍ ഫെമിനിസം നാട്ടില്‍ ഇനിയും ആവര്‍ത്തിക്കും. വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലം, വ്യക്തിഹത്യ, എന്നിവ നടത്തുന്നവരെ അതിനിരയായവര്‍ നേരിട്ടിറങ്ങി അടിച്ചു കൈകാര്യം ചെയ്യുന്ന കാഴ്ചയാണ് അത്.
നിയമം സമ്പൂര്‍ണ്ണമായി തോല്‍ക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റ് ആണെങ്കിലും അത് ഒരര്‍ത്ഥത്തില്‍ നീതിയാണ്. അയാളുടെ വീഡിയോ വയലന്‍സ് ആണ്. അതിനെതിരായ സ്ത്രീകളുടെ ചെറുത്തുനില്‍പ്പാണ് നാം കണ്ടത്. ബസ്സില്‍ ഞരമ്പ് രോഗികളെ പിന്‍ വെച്ചു കുത്തുന്ന പോലുള്ള ഒരു റിയാക്ഷന്‍. അല്‍പ്പം പ്ലാന്‍ഡ് ആണെന്ന വ്യത്യാസമുണ്ട്.
അടി കിട്ടിയവന്‍ പരാതി പറയാന്‍ പോലും സാധ്യതയില്ല. പറഞ്ഞാലും കേസെടുക്കാന്‍ ചെറിയ വകുപ്പുകള്‍. ആ സ്ത്രീകള്‍ക്ക് ജാമ്യമെടുത്ത് കേസ് നടത്താവുന്നതേ ഉള്ളൂ. കൂടുതല്‍ പേര്‍ ഇറങ്ങി ഇത്തരം ഞരമ്പ് രോഗികളെ അടിച്ചു മര്യാദ പഠിപ്പിക്കുന്ന കാഴ്ച നാം കാണും.
പാര്‌ലമെന്റിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സമ്പൂര്‍ണ പരാജയമാണ് ഈ സൈബര്‍ ബുള്ളിയിങ്. IT ആക്ടില്‍ ഭേദഗതി കൊണ്ടുവരാതെ കേന്ദ്രമാണ് ഈ സ്ഥിതി ഉണ്ടാക്കിയത്. ഞരമ്പ് രോഗികളെ സോഷ്യല്‍ മീഡിയയില്‍ മേയാന്‍ വിട്ടിരിക്കുകയാണ് സര്‍ക്കാരുകള്‍. അത്യാവശ്യമുള്ള നിയമമൊക്കെ ഓര്‍ഡിനന്‍സ് ആയി വരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കേരളാ സര്‍ക്കാരും ഒന്നും ചെയ്യുന്നില്ല.
ഈ സൈബര്‍ അശ്ലീലം തടയാന്‍ നിയമം കൊണ്ടുവന്നില്ലെങ്കില്‍ നേരിട്ട് ഇരകള്‍ ഇറങ്ങി അടിച്ചു തീര്‍ക്കും. Rule of Law യുടെ പരാജയമാണ് എന്നു നിലവിളിച്ചിട്ടു കാര്യമില്ല. ആ സ്ത്രീകള്‍ക്ക് ഇത് മാത്രമേ ഈ സമൂഹത്തില്‍ ചെയ്യാനുള്ളൂ.
ഇത് ആവര്‍ത്തിക്കാതെ ഇരിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നിയമം ശക്തമാക്കണം എന്നു അധികാരമുള്ള പുരുഷന്മാര്‍ ആവശ്യപ്പെടുന്ന കാലത്തേ ഇതിനു പരിഹാരം ഉണ്ടാകൂ. അടി ചെയ്യും ഗുണം അണ്ണന്‍ തമ്പിയും ചെയ്യില്ല എന്നത് ഇക്കാര്യത്തില്‍ നടക്കാനാണ് സാധ്യത.
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍, ഒരുപാട് സ്ത്രീകള്‍ മടിക്കുന്ന കാര്യമാണ് നിങ്ങള്‍ ചെയ്തത്. നിങ്ങള്‍ക്കെന്റെ അഭിവാദ്യങ്ങള്‍.