കൽപനയുടെ മരണത്തോടെ സാമ്പത്തിക സഹായം നിലച്ചു; സഹോദരങ്ങൾ ജീവനൊടുക്കി
ചെന്നൈ: നടി കൽപനയുടെ മരണത്തോടെ സാമ്പത്തികമായി ലഭിച്ചിരുന്ന സഹായങ്ങൾ നിലയ്ക്കുകയും പട്ടിണിയിലാവുകയും ചെയ്തതോടെ സഹോദരങ്ങൾ ജീവനൊടുക്കി. നടി ഉർവശിയുടെയും കൽപനയുടേയും സഹോദരന്റെ മുൻ ഭാര്യയും അവരുടെ സഹോദരനുമാണ് ജീവനൊടുക്കിയത്. കൽപനയുടെ മരണ ശേഷം ഇവർക്ക് സാമ്പത്തികമായ സഹായം ലഭിച്ചിരുന്നില്ല.
കൽപനയുടെ സഹോദരന്റെ മുൻ ഭാര്യ പ്രമീള(52), അവരുടെ സഹോദരൻ സുശീന്ദ്രൻ(54)എന്നിവരാണ് വാടക വീട്ടിൽ ജീവനൊടുക്കിയത്. ഏറെ കാലമായി അസുഖബാധിതരായിരുന്ന തങ്ങൾക്ക് കൽപനയാണ് സാമ്പത്തിക സഹായം നൽകി വന്നിരുന്നത് എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. അസുഖവും ദാരിദ്ര്യവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കുറിപ്പിൽ പറയുന്നുണ്ട്.
തമിഴ്‌നാട് വീഴുപുരം ജില്ലയിലെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇരുവരും അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പ്രമീള ഏതാനും വർഷം മുൻപ് വിവാഹബന്ധം വേർപെടുത്തിയിരുന്നെങ്കിലും കൽപനയാണ് ഇവർക്ക് ജീവിക്കാനുള്ള സാമ്പത്തിക സഹായം നൽകി വന്നത്. എന്നാൽ കൽപനയുടെ മരണത്തോടെ ഇത് നിലച്ചത് ഇരുവരേയും പ്രതിസന്ധിയിലാക്കി.
സുശീന്ദ്രൻ അവിവാഹിതനായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെ സമീപവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുറികളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരും.