KeralaNewsRECENT POSTS

‘ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് പേട്യാവ്ണുണ്ട്’ ഷെഹ്‌ലക്കായി ശബ്ദമുയര്‍ത്തിയ നിദ ഫാത്തിമയുടെ ആശങ്ക പങ്കുവെച്ച് ഡോ. ഷിംന അസീസ്

വയനാട്: ബത്തേരിയിലെ സ്‌കൂളിലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സ്‌കൂളിലെ കുട്ടിയുടെ സഹപാഠികളുടെ പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാര്‍ സംഭവത്തില്‍ നടപടി എടുത്ത് തുടങ്ങിയത്. അക്കൂട്ടത്തില്‍ കൂട്ടുകാരിയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ നിദ ഫാത്തിമയെന്ന പെണ്‍കുട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു. പിന്നീട് സോഷ്യല്‍ മീഡിയ ആ പെണ്‍കുട്ടിയെ അങ്ങ് ഏറ്റെടുത്തു. എന്നാല്‍ അധ്യാപകര്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ തനിക്കെതിരെ നടപടികളുണ്ടാകുമോയെന്ന ഭയത്തിലാണ് നിദ ഫാത്തിമ. കുട്ടിയോട് സംസാരിച്ചതിനു ശേഷം ഡോക്ടര്‍ ഷിംന അസീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിദയുടെ ആശങ്ക പങ്കുവെച്ചത്. പ്രിന്‍സിപ്പാളിനെയാണ് പേടിയെന്ന് കുട്ടി പറഞ്ഞതായും ഷിംന പോസ്റ്റിലൂടെ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

 

നിദ ഫാത്തിമ. അല്ല, ഒരു കൂട്ടം നിദ ഫാത്തിമമാർ. വയനാട്ടിൽ പാമ്പ് കടിയേറ്റ ഷഹലയുടെ സഹപാഠികൾ.

അവരെ ആദ്യമായി കാണുന്നത്‌ ഇന്നലെ വൈകുന്നേരം കണ്ട ന്യൂസ്‌ ബൈറ്റിലാണ്‌. അവർ അവരുടെ സഹപാഠിക്ക്‌ കിട്ടാതെ പോയ നീതിക്ക്‌ വേണ്ടി യാതൊരു സങ്കോചവുമില്ലാതെ ഉറക്കെ വ്യക്‌തതയോടെ ശബ്‌ദിക്കുന്നുണ്ടായിരുന്നു. അഭിമാനം തോന്നി.

ഇന്നലെ നിദയെ നേരിൽ കേട്ടത്‌ ന്യൂസ്‌ 24 ചർച്ചയിലാണ്‌. അവിടെയും അവളുടെ ശബ്‌ദത്തിന്‌ യാതൊരു ഇടർച്ചയുമില്ല. അല്ലെങ്കിലും ഭയത്തിനും സ്വാധീനത്തിനും മീതെ നിൽക്കുന്ന നിഷ്‌കളങ്കതയാണല്ലോ ആ പ്രായത്തിന്‌. ഏഴാം ക്ലാസുകാരിയുടെ ശബ്‌ദത്തിലെ ആത്മവിശ്വസവും നേരിട്ടറിഞ്ഞു.

രാവിലെ അവളെ നമ്പർ സംഘടിപ്പിച്ച്‌ വിളിച്ചു. അവൾ മദ്രസയിൽ പോയി വന്നിട്ടേ ഉള്ളായിരുന്നു എന്നവളുടെ ഉപ്പ പറഞ്ഞു . ഇന്നലെ രാത്രി ടിവിയിൽ കൂടെയുണ്ടായിരുന്ന മഞ്ചേരി ആശുപത്രിയിലെ ഡോക്‌ടറാണെന്ന്‌ പറഞ്ഞപ്പോ അവൾ ഷഹലയെക്കുറിച്ച്‌ പിന്നേം കുറേ സങ്കടം നുള്ളിപ്പെറുക്കി പറഞ്ഞു. ഉള്ളിൽ തീയുള്ള കുഞ്ഞിപ്പെണ്ണ്‌.

അവസാനം അവൾ പതുക്കേ ചോദിച്ചത്‌ ഇതാണ്‌ – “ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട്‌ എനിക്ക്‌ ഇനിയും ആ സ്‌കൂളിൽ പോകണമെന്ന്‌ ആലോയ്‌ക്കുമ്പോ പേട്യാവ്‌ണുണ്ട്‌. പ്രിൻസിപ്പലിനെയാ ഇനിക്ക്‌ പേടി. ഓല്‌ ഇന്നോടെന്തെങ്കിലും ചെയ്‌താൽ മിസ്സ്‌ ന്റെ കൂടെ ഉണ്ടാവൂലേ?”

അവളുടെ കുഞ്ഞിക്കണ്ണും മൈലാഞ്ചിയിട്ട കൈയും മുഖത്തുള്ള ഓമനത്തമുള്ള ഒട്ടും അപക്വമല്ലാത്ത തന്റേടവുമെല്ലാം ഉള്ളിൽ നിന്ന്‌ മിന്നൽ പോലെ മാഞ്ഞ്‌ അവളെന്റെ ആച്ചുവിനോളം ചെറുതായി ഓടി വന്ന്‌ നെഞ്ചിൽ വീണത്‌ പോലെ തോന്നി. “ഏതറ്റം വരെയും ഉറപ്പായും കൂടെ നിൽക്കും” എന്ന്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ വാക്കാണ്‌ താനും.

ഇത്രയും ഉഗ്രമായി ന്യായത്തിന്‌ വേണ്ടി ജ്വലിക്കുന്ന കനലുകളെല്ലാം ചവിട്ടി അണയ്‌ക്കാൻ ധൃതി പിടിക്കുന്ന ലോകമാണ്‌ ചുറ്റും. അവളുടെ കാര്യവും മറിച്ചാകില്ലെന്നറിയാം. ഏതായാലും, അവൾ നേരിട്ടേക്കാവുന്ന തുറിച്ചു നോട്ടങ്ങളോടും കുത്തുവാക്കുകളോടുമായി പറയുകയാണ്‌…

അവൾ പുറത്തുവന്ന്‌ സംസാരിച്ചത്‌ നിങ്ങളിൽ ചിലർ കൊന്ന അവളുടെ സഹപാഠിയുടെ ജീവൻ പോയതിന്റെ വേദനയാണ്‌. ഇനി ഇല്ലാക്കഥകളും ഭീഷണിയും പരിഹാസവും ഒക്കെയായിട്ട്‌ ഇത്രയും ശൗര്യമുള്ള ഒരു പെൺകുഞ്ഞിനെ ഒതുക്കാൻ ശ്രമിക്കരുത്‌. അങ്ങനെയൊന്നുണ്ടായാൽ ഷഹലയുടെ കൂടെ നിന്ന ലോകം മുഴുവൻ ഉറപ്പായും നിദയോടൊപ്പവും ഉണ്ടാകും. അതിലൊരു സംശയവുമില്ല.

അഭിമാനമാണിവൾ… ഇവളുടെ കൂട്ടുകാരും.
ചോദ്യം ചെയ്യാനറിയുന്നവർ, പ്രതികരണശേഷിയും നീതിബോധവുമുള്ളവർ.

നാളെയും വെളിച്ചമുണ്ടാകുമെന്ന്‌ ഉറപ്പ്‌ തരുന്ന മക്കൾ. ഇവരോടൊപ്പമുണ്ട്‌ നമ്മൾ, ഉണ്ടാകണം നമ്മൾ.

Dr. Shimna Azeez

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker