CrimeKeralaNews

രണ്ടു പെൺകുഞ്ഞുങ്ങളാണു വഴിയാധാരമായത്’ ഇനിയെങ്കിലും കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും ഓർക്കുമോ: ഷാനിന്റെ പിതാവ്

മണ്ണഞ്ചേരി (ആലപ്പുഴ) ∙ ‘എനിക്ക് മകനെ നഷ്ടപ്പെട്ടു. ഇതുപോലെ ഇനിയും കൊലപാതകങ്ങളുണ്ടായാൽ ഇനിയും കുഞ്ഞുങ്ങൾ വഴിയാധാരമാകും. രാഷ്ട്രീയം രാഷ്ട്രീയമായിത്തന്നെ കാണാനുള്ള മനഃസ്ഥിതി പ്രബുദ്ധ കേരളത്തിനുണ്ടാകണം. എന്നെപ്പോലെ കഷ്ടപ്പെട്ട് അച്ഛൻമാർ കുട്ടികളെ വളർത്തിക്കൊണ്ടുവന്ന്, അവർ ഒരു ആശയത്തിൽ വിശ്വസിക്കുമ്പോൾ അതിന്റെ പേരിൽ അവരെ കൊലപ്പെടുത്തുക എന്നതു വേദനാജനകമാണ്. ഇവിടെ രണ്ടു പെൺകുഞ്ഞുങ്ങളാണു വഴിയാധാരമായത്’– കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിന്റെ പിതാവ് സലീം പറയുന്നു.

‘എനിക്ക് എത്രകാലം ഈ ചെറിയ മക്കളെ സഹായിക്കാനോ വളർത്താനോ പറ്റും. ഈ ക്രൂരത കാണിക്കുവാൻ അവർക്കുണ്ടായ മനസ്സുപോലും എന്തിനാണെന്ന് അറിയാതെയിരിക്കുകയാണ് ഞാനും എന്റെ കുടുംബവും. ഷാൻ രാഷ്ട്രീയമായി വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ചു എന്നതൊഴിച്ചാൽ മറ്റാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചവനല്ല. ആരെയെങ്കിലും സഹായിക്കുകയല്ലാതെ ഉപദ്രവിക്കാൻ അവന് ആവില്ല–’ സലിം പറഞ്ഞു.

ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ ഷാൻ പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലേക്ക് എസ്ഡ‍ിപിഐ സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. അന്ന് 1622 വോട്ടുകളും പിന്നീട് 2019ൽ ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ നിന്നു മത്സരിച്ചപ്പോൾ 3593 വോട്ടുകളും ലഭിച്ചു. മണ്ണഞ്ചേരിയിൽ കർട്ടൻ ജോലികൾ ചെയ്തുകൊടുക്കുന്ന സ്ഥാപനം നടത്തിയിരുന്ന ഷാൻ കട പൂട്ടി വീട്ടിലേക്കു മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

10 മിനിറ്റിനുള്ളിൽ എത്താം’ എന്നുപറഞ്ഞു ഫോൺ കട്ട് ചെയ്ത ബാപ്പയെയും കാത്തിരുന്ന പൊന്നോമനകൾക്കു മുന്നിലെത്തിയത് മൂടിപ്പൊതിഞ്ഞെത്തിച്ച മൃതദേഹം. ഇക്കായെന്നുറക്കെ വിളിക്കുവാൻ പോലും കഴിയാതെ തളർന്ന ഭാര്യ ഫൻസില. ഷാൻ കൊല്ലപ്പെടുന്നതിന് 10 മിനിറ്റ് മുൻപാണ് ഫൻസില ഫോണിൽ വിളിച്ചത്.

10 മിനിറ്റിൽ എത്തുമെന്ന് പറഞ്ഞെങ്കിലും വീട്ടിലേക്കുള്ള വഴിയിൽ ആക്രമിക്കപ്പെട്ട ഷാൻ പിന്നീട് ആശുപത്രിയിൽ മരിച്ചു. ഭാര്യയും മക്കളും മാത്രമുള്ള വീട്ടിൽ മരണ വിവരം ബന്ധുക്കൾ ഇന്നലെ രാവിലെയാണ് അറിയിച്ചത്. ചെറിയ അപകടം നടന്നുവെന്നു മാത്രമാണു തലേന്നുരാത്രി പറഞ്ഞിരുന്നത്.

ഇന്നലെ രാവിലെയോടെ വീട്ടിലേക്ക് ആളുകൾ കൂട്ടമായെത്തിയതോടെ ഫൻസില തളർന്നു വീണു. മുഹമ്മ കെഇ കാർമൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ഫിബ ഫാത്തിമയും നഴ്സറി വിദ്യാർഥിനി ഫിദ ഫാത്തിമയും ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ ബന്ധുക്കളും തേങ്ങി. വീട്ടിൽ അടുത്ത ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കുമാണ് അന്തിമോപചാരം അർപ്പിക്കുവാൻ സൗകര്യം ഒരുക്കിയിരുന്നത്. പ്രവർത്തകർക്കും നാട്ടുകാർക്കുമായി പൊന്നാട് പള്ളിക്ക് മുന്നിലെ മൈതാനിയിൽ തയാറാക്കിയ പന്തലിൽ മയ്യത്ത് നിസ്കാരത്തിന് അവസരമൊരുക്കി. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നേതൃത്വം നൽകി. തുടർന്നാണ് പള്ളിയിൽ ഖബറടക്കം നടത്തിയത്.

എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയാണ് മണ്ണഞ്ചേരിക്കു കൊണ്ടുവന്നത്. ദേശീയപാതയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ അന്തിമോപചാരം അർപ്പിച്ചു. എ.എം.ആരിഫ് എംപി, എംഎൽഎമാരായ പി.  പി.ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവർ ആദരാഞ്ജലിയർപ്പിക്കാനെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker