31.1 C
Kottayam
Friday, May 17, 2024

കഴുത്തിൽ കത്തിവച്ചു; മകൾക്കു നേരെയും വാൾവീശി: മകനു വേണ്ടി പുഷ്പാഞ്ജലി കഴിച്ചെത്തിയ രൺജീതിന്റെ അമ്മ കണ്ട കാഴ്ച

Must read

ആലപ്പുഴ ∙ ‘‘രാവിലെ ഞാൻ അമ്പലത്തിൽ പോയി രൺജീതിനു വേണ്ടി പുഷ്പാഞ്ജലി നടത്തി തിരിച്ചെത്തി വീടിനു മുന്നിലെ പടിക്കെട്ടിലൂടെ മുകളിലെ നിലയിലേക്കു കയറുന്നതിനിടയിലാണ് ആരോ ഗേറ്റ് ചവിട്ടി തുറന്ന് അകത്തേയ്ക്കു കയറുന്ന ശബ്ദം കേട്ടു ശ്രദ്ധിച്ചത്. വെട്ടുകത്തിയും വാളും ചുറ്റികയുമൊക്കെയുണ്ടായിരുന്നു അവരുടെ കയ്യിൽ.

വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന് ടീപ്പോയ് ചുറ്റിക കൊണ്ട് അടിച്ചുതകർത്തു. ആ ശബ്ദം കേട്ടാണ് രൺജീത് കിടപ്പുമുറിയിൽ നിന്നു ഡൈനിങ് ഹാളിലേക്കു വന്നത്. ചുറ്റിക കൊണ്ട് അവന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തി. ഉടുമുണ്ട് ഉരിഞ്ഞെടുത്ത ശേഷം വെട്ടി. നിലവിളിച്ചുകൊണ്ട് തടയാൻ ഓടിയെത്തിയ എന്നെ തള്ളി താഴെയിട്ടു.

‘ഇതിനിടയിൽ രൺജീതിന്റെ ഭാര്യ ലിഷ അടുക്കളയിൽ നിന്ന് ഓടിയെത്തി. അവളെയും തള്ളി താഴെയിട്ടു. ഇളയ മകൾ ഹൃദ്യ ‘അച്ഛാ’ എന്നു വിളിച്ച് മുന്നോട്ടാഞ്ഞപ്പോൾ ഗുണ്ടകൾ അവളുടെ നേരെ വാൾ വീശി. പേടിച്ചുപോയ കുഞ്ഞ് ഉടനെ മുറിയിലേക്കു മാറി. താഴെ വീണ എന്റെ മുഖത്തു കസേരകൊണ്ട് അമർത്തിവച്ച്, കത്തിയെടുത്ത് കഴുത്തിനു നേരെ നീട്ടിപ്പിടിച്ചു. കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. തള്ളി മാറ്റാൻ ഞാൻ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും എന്റെ മോനെ ക്രൂരമായി അവർ തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തുകയായിരുന്നു. തലയിലും കാലിലുമെല്ലാം എത്രയോ വെട്ടേറ്റ് എന്റെ കുഞ്ഞ്…’ വിനോദിനി പറഞ്ഞു.

‘എന്റെ മോൻ ആർക്കും ദോഷമായി സംസാരിക്കുക പോലുമില്ല… പിന്നെ എന്തിനാണ് എന്റെ മകനെ ഇങ്ങനെ അരുംകൊലചെയ്തത്…’ ആരോഗ്യ വകുപ്പ് മുൻ സൂപ്രണ്ടായ വിനോദിനി (71) ദുഃഖവും ഭീതിയും താങ്ങാനാകാതെ തലയ്ക്കടിച്ചു കരയുകയായിരുന്നു.

‘ശബരിമലയിൽ പോയിവന്ന ഇളയ മകൻ അഭിജിത്ത് മുകൾനിലയിൽ ഉറക്കമായിരുന്നു. അവനെ വിളിച്ചെങ്കിലും ഉറക്കത്തിലായതിനാൽ കേട്ടില്ല. അവൻ ഓടി വന്നപ്പോൾ അക്രമികൾ രക്ഷപ്പെട്ടിരുന്നു. രാവിലെ 6.15ന് മൂത്തമകൾ ഭാഗ്യ ട്യൂഷൻ ക്ലാസിൽ പോയപ്പോൾ വാതിൽ തുറന്നതാണ്. പിന്നീട് വാതിലടച്ചെങ്കിലും പൂട്ടിയിട്ടില്ലായിരുന്നു. വാതിൽ തള്ളിത്തുറന്നാണു സംഘം അകത്തു കയറിയത്–’ വിനോദിനി കരഞ്ഞു.

തലേദിവസം രാത്രി പത്തോടെ അപരിചിതരായ 2 പേർ രൺജീതിന്റെ വീടിനു മുന്നിൽ ചുറ്റിക്കറങ്ങിയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട അമ്മ വിനോദിനി അവരെ ചോദ്യം ചെയ്തപ്പോൾ ഒന്നുമില്ലെന്നു പറഞ്ഞു സംഘം തിരികെ പോയി. സാധാരണ രൺജീത് പ്രഭാത സവാരിക്കു പോകും. ഇന്നലെ അവധിയായതിനാൽ പത്രവായന കഴിഞ്ഞു നടക്കാൻ പോകാനിരിക്കുകയായിരുന്നു. 

അമ്മയുടെ നിലവിളി കേട്ടു ഞാൻ താഴെയെത്തുമ്പോൾ ഡൈനിങ് ഹാളിൽ ചേട്ടൻ രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. അയൽക്കാർ എത്തിയെങ്കിലും രക്തം തളംകെട്ടി കിടക്കുന്നതു കണ്ടുനിൽക്കാനാകാതെ അവരിൽ പലരും പിൻവലിഞ്ഞു. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ആംബുലൻസ് എത്തിച്ചത്. എന്നിട്ടും ആരും ഭയന്ന് അടുത്തെത്തിയില്ല.

അവസാനം തെക്കേ വീട്ടിലെ പയ്യൻകൂടി ഓടി വന്നാണ് ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയത്. ചേ‌ട്ടനെ എടുക്കുമ്പോൾ കാലൊക്ക തൂങ്ങി കിടക്കുകയായിരുന്നു… ’ –രൺജീതിന്റെ സഹോദരൻ അഭിജിത്ത് പറഞ്ഞു. ബെംഗളുരുവിൽ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥനായ അഭിജിത്ത് ശബരിമലയ്ക്ക് പോകാൻ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week