20 വര്‍ഷം മുന്‍പ് മോഹന്‍ലാലിനെ വച്ച് ചെയ്യുമ്പോഴുള്ള ഫീല്‍’ പൃഥ്വിരാജിനെക്കുറിച്ച് ഷാജി കൈലാസ്
രണ്ട് പതിറ്റാണ്ട് മുന്‍പ് ക്യാമറ ഫ്രെയ്മുകളില്‍ മോഹന്‍ലാല്‍ നല്‍കുന്ന ഊര്‍ജ്ജമാണ് തനിക്കിപ്പോള്‍ പൃഥ്വിരാജ് തരുന്നതെന്ന് സംവിധായകന്‍ ഷാജി കൈലാസ്. ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രമായിരുന്ന കടുവയിലും ഇപ്പോള്‍ തിയറ്ററുകളിലുള്ള കാപ്പയിലും പൃഥ്വിരാജ് ആണ് നായകന്‍. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനൊപ്പമുള്ള പ്രവര്‍ത്തനാനുഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഷാജി കൈലാസ്. പൃഥ്വിയുടെ പ്രകടന മികവിനെ ഉദാഹരിക്കാന്‍ കാപ്പയിലെ ഒരു രംഗവും ചൂണ്ടിക്കാട്ടുന്നുണ്ട് അദ്ദേഹം.
രാജുവിന്‍റെ കാര്യം പറയുകയാണെങ്കില്‍ എനിക്കൊരു ഹീറോയെ കിട്ടി എന്ന ഫീല്‍ ആണ്. യംഗ് ആയ, ഭയങ്കര റേഞ്ച് ഉള്ള ഒരു ഹീറോയെ കിട്ടിയതില്‍ എനിക്ക് ഭയങ്കര സന്തോഷമാണ്. 20 വര്‍ഷം മുന്‍പ് മോഹന്‍ലാലിനെയൊക്കെ വച്ച് ചെയ്യുമ്പോഴുള്ള ഫീല്‍ ഉണ്ടല്ലോ.. ആ ഫീല്‍ ആണ് എനിക്ക് കിട്ടിയത്. അദ്ദേഹമൊക്കെ ഇത് ചെയ്യുമ്പോള്‍ നമുക്ക് ഒരു ഭയങ്കര എനര്‍ജി കിട്ടില്ലേ, അതേപോലെയാണ്. ഇദ്ദേഹത്തിന് ഫ്രെയിം വെക്കുമ്പോള്‍ത്തന്നെ നമുക്ക് ഒരു എനര്‍ജി ഉണ്ട്. കാപ്പയില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ സീന്‍ ഉണ്ട്. നായകന്‍റെ രണ്ടാമത്തെ ഇന്‍ട്രോ ആണ്. ഇപ്പോഴത്തെ കൊട്ട മധു എങ്ങനെയാണ് എന്ന് കാണിക്കുന്ന സീന്‍. ആ ഒറ്റ ഷോട്ടില്‍ ആ ഹീറോ എവിടെയോ പോയി നിന്നു. അദ്ദേഹത്തിന്‍റെ ശരീരഭാഷയിലും നടപ്പിന്‍റെ രീതിയിലുമൊക്കെ മാറ്റമുണ്ട്. ഫ്ലാഷ് ബാക്കിലെ കൊട്ട മധുവിനെപ്പോലെ അല്ല. ശരീരഭാഷയൊക്കെ എങ്ങനെ വേണമെന്ന് പുള്ളി തന്നെ തീരുമാനിച്ച് കൊണ്ടുവന്നതാണ്, ഷാജി കൈലാസ് പറയുന്നു.
ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന കാപ്പ ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അപര്‍ണ ബാലമുരളിയാണ് നായിക. അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.