KeralaPolitics

‘മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു’; പിണറായിക്കെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

തിരുവനന്തപുരം:കൊച്ചി വൈറ്റിലയിലെ റോഡ് തടയല്‍ സമരത്തെ തുടര്‍ന്ന് നടൻ ജോജു ജോർജും കോൺഗ്രസും തമ്മിൽ കുറച്ച് ദിവസങ്ങളായി നടക്കുന്ന പ്രശ്നം, സിനിമ മേഖലയും കോണ്‍ഗ്രസും എന്ന നിലയിലേക്ക് വളര്‍ന്നിരുന്നു. ഇത് നിയമസഭയില്‍ ചര്‍ച്ചയായപ്പോള്‍ ആവിഷ്കാര സ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റമായും, ഫാസിസമെന്ന് പറഞ്ഞുമാണ് ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും, എംഎല്‍എയുമായ ഷാഫി പറമ്പില്‍. മറ്റാരെയെങ്കിലും ഫാഷിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു എന്നാണ് ഷാഫി തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ്സ് യൂത്ത് കോൺഗ്രസ്സിന് ആവശ്യമില്ല.
ലഖിംമ്പൂർ ഖേരിയിൽ നിരവധി കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രിപുത്രനെയും മന്ത്രിയേയും സംരക്ഷിക്കുന്ന ബിജെപി നിലപാടിനെ ഫാസിസമെന്ന് വിളിക്കുന്നത് പോയിട്ട് ഒരു വരിയിൽ അപലപിക്കുവാൻ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ഒരു പ്രാദേശിക പ്രതിഷേധത്തെ ഫാസിസമെന്ന് വിളിക്കുന്നത് ആരെ സഹായിക്കാനാണ് ? മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു.അങ്ങയുടെ വാക്കുകൾ അങ്ങയെ തന്നെ ഓർമ്മപ്പെടുത്തുന്നു..വിയോജിപ്പുള്ളവരെ ജീവിക്കുവാൻ അനുവദിക്കില്ല എന്നത് ഫാസിസം തന്നെയാണ്.
ടി പി – 51 വെട്ടും , ലെഫ്റ്റ് റൈറ്റ്‌ ലെഫ്റ്റും , ഈടയുമെല്ലാം കേരളത്തിലെ തിയ്യറ്ററുകളിൽ ബിഗ്സ്‌ക്രീനിൽ പ്രദർശിപ്പിക്കുവാൻ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നു എന്ന് കേരളത്തിന് അറിയാം.
എഴുത്തുകാരൻ ശ്രീ പോൾ സക്കറിയയെ DYfI ക്കാർ തല്ലിയത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് .
കലാ-സാംസ്ക്കാരിക-സാഹിത്യ മേഖലയില്‍ പ്രവർത്തിക്കുന്നവരെ യൂത്ത് കോൺഗ്രസ്സ് ആദരവോടെയാണ് കണ്ടിട്ടുള്ളത്.
അതിനിയും തുടരും.

കേരളത്തിലെ സിനിമാ മേഖലയോട് യൂത്ത് കോൺഗ്രസ്സിന് ഒരു പ്രശ്നവുമില്ല.
മുല്ലപ്പെരിയാര്‍ മരംമുറി,ദീപാ മോഹൻ നേരിടേണ്ടി വന്ന ജാതി വിവേചനം,സംസ്ഥാനത്തെ ഇന്ധന നികുതി ഭീകരത തുടങ്ങി ജനകീയ പ്രശ്നങ്ങളിലെല്ലാം മൗനത്തിലായ മുഖ്യമന്ത്രിക്ക് പ്രതികരണ ശേഷി തിരിച്ച് കിട്ടിയതിൽ സന്തോഷം.

രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ സിനിമ സെറ്റുകളിലേക്കുള്ള യൂത്ത്കോൺഗ്രസ് മാർച്ചിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടും. പൗരന്മാര്‍ക്ക് മൗലികമായ സ്വാതന്ത്ര്യങ്ങള്‍ ഭരണഘടാനാപരമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിത്.

ആ അവകാശത്തിന്മേല്‍ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ പോലും തങ്ങള്‍ക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കലാരംഗത്തുള്ളവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഏതു വിധത്തിലുള്ള കടന്നുകയറ്റത്തെയും ശക്തമായി നേരിടുക തന്നെ ചെയ്യും.

സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയല്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം കൂടിയാണ്. ഇത്തരം ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനു നേരെ ദയാദാക്ഷിണ്യമുണ്ടാകില്ല. അത്തരക്കാരെ കര്‍ക്കശമായി നേരിടുക തന്നെ ചെയ്യും. അങ്ങനെ നേരിടുന്നതിന് നാടൊന്നാകെ പിന്തുണയ്ക്കുന്ന അവസ്ഥയാണുണ്ടാവുക.

അതാണ് ഈ നാടിന്റെ പാരമ്പര്യം. കൈയൂക്കു കൊണ്ട് കാര്യം നടത്താം എന്ന സ്ഥിതി ഉണ്ടാവേണ്ടതില്ല. ഫാസിസ്റ്റു രീതികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല ഇതെന്ന് മനസ്സിലാക്കി ഇനിയെങ്കിലും അത്തരക്കാര്‍ സ്വയം പിന്മാറണം. നാട്ടിലെ പൗരസ്വാതന്ത്ര്യവും ജനാധിപത്യവും നിയമപാലനവും സര്‍ക്കാര്‍ ഉറപ്പാക്കുക തന്നെ ചെയ്യുമെന്നും സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker