KeralaNews

കേന്ദ്രസേനയെ ഇറക്കി അടിച്ചമർത്തിയാലും സമരം മുന്നോട്ട്‌, ഗവര്‍ണറോട് വിട്ടുവീഴ്ചയില്ലെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ ന്യായീകരിച്ചും പൊലീസ് നടപടിയെ വിമര്‍ശിച്ചും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആര്‍ഷോ രംഗത്ത്.  തന്നെ ആക്രമിച്ചു എന്ന് ഗവർണർ നുണ പറയുന്നു.

ഗവർണർ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമർത്തിയാലും സമരം മുന്നോട്ടുപോകും. ഗവർണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവർ അല്ല പൊലീസ്. കരിങ്കൊടി പ്രതിഷേധിക്കാര്‍ക്കെതിരെ 124 ചുമത്തിയത്തിൽ വലിയ വിമർശനം ഉണ്ട്. അത് ചുമത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഗവർണറുടെ ഇടപെടൽ മാനസിക വിഭ്രാന്തി ബാധിച്ച നിലയിലാണ്. ജനാധിപത്യ സമരങ്ങളോട് ഗവർണർക്ക് പുച്ഛമാണ്. ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്.

എങ്ങനെയും അക്രമ സംഭവങ്ങൾ അരങ്ങേറുക എന്ന നിലയ്ക്ക് നടത്തുന്ന പൊറാട്ടുനാടകമാണ് ഗവര്‍ണര്‍ കളിക്കുന്നത്. എസ്എഫ്ഐ സമരം ശക്തമായി തുടർന്നുപോകും. ഗവർണർ പ്രോട്ടോക്കോൾ ലംഘിച്ചാണ് കാറിന്  പുറത്തിറങ്ങിയത്. അധികാരം ദുർവിനിയോഗം ചെയ്യുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു. 

ബാനറും പ്ലക്കാർഡുകളുമായി ഗവർണറെ വരവേറ്റ എസ്എഫ്ഐക്കാർക്കു നേരെ വണ്ടി നിർത്തി പാഞ്ഞടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ വരുന്നതിനു മുമ്പ് എസ്എഫ്ഐക്കാരെ കസ്റ്റഡിയിൽ എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ഗവർണർ പോലീസിനു നേരെ കയർക്കുകയും ചെയ്തു. വണ്ടിയിൽ തിരികെ കയറാതെ ഗവർണർ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. സ്ഥലത്തുള്ള ചായക്കടയിൽ നിന്ന് ഒരു കസേര വാങ്ങിയാണ് ഗവർണർ ഇരുന്നത്.

ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഗവർണർ. ഇതിനിടയിലാണ് എസ്എഫ്ഐ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ഇതിനകം തന്നെ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

കാറിൽ കയറാൻ അഭ്യർത്ഥിച്ച പോലീസ് ഉദ്യോഗസ്ഥനോട് ‘നോ ഐ വിൽ നോട്ട് ഗോ, യൂ ആർ ഗിവിങ് പ്രോട്ടക്ഷൻ ഹിയർ’ എന്ന് കയർക്കുകയാണ് ഗവർണര്‍. പോലീസ് തന്നെ നിയമം ലംഘിച്ചാൽ പിന്നെ ആരാണ് നിയമം ഉയർത്തിപ്പിടിക്കുക എന്നദ്ദേഹം ചോദിച്ചു.

റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് മുതൽ സംസ്ഥാന സർക്കാരുമായി നടന്ന പ്രശ്നങ്ങളുടെ തുടർച്ചയായാണ് ഇന്നത്തെ സംഭവവികാസങ്ങൾ വന്നിരിക്കുന്നത്. നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാതെ ഗവർണർ സ്ഥലംവിട്ടിരുന്നു. കഴിഞ്ഞദിവസം ഇതിനുള്ള മറുപടിയെന്നോണം ഗവർണറുടെ ചായ സൽക്കാരത്തിൽ മന്ത്രിമാരും മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നില്ല. ഇതിനിടയിൽ വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നീക്കങ്ങളും സജീവമായി പുരോഗമിക്കുന്നുണ്ട്. ഇത് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ്.


ഗവർണറെ വരുതിക്ക് നിര്ത്താമെന്ന് പിണറായി വിജയൻ കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് ആരിഫ് മുഹമ്മദ് ഖാനെ മനസ്സിലായിട്ടില്ലെന്നേ തനിക്ക് പറയാനുള്ളൂ എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഗവർണറെ ‘ഗുണ്ടകളെ’ക്കൊണ്ട് നേരിടുന്ന സ്ഥിതിയിലേക്ക് പോലീസ് എത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എസ്എഫ്ഐക്കാരെ നേരത്തേ തന്നെ അറസ്റ്റ് ചെയ്ത് നീക്കണമായിരുന്നു. ഇല്ലെങ്കിൽ ഗവര്‍ണറുടെ വഴി മാറ്റണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker