KeralaNews

ചെള്ള് പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു; പ്രതിരോധം ശക്തമാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: വർക്കല ചെറുന്നിയൂർ പന്ത് വിളയിൽ  പത്താം ക്ലാസ് വിദ്യാർഥിനി ചെള്ള് പനി ബാധിച്ച് മരിച്ചു. അശ്വതി (15) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. വർക്കല ഞെക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ  പത്താം ക്ലാസ് വിദ്യാർഥിനിയാണ്. സിഐടിയു മരക്കടമുക്ക് യൂണിയൻ പ്രസിഡൻറ് ഷാജി ദാസിന്റെയും അനിതയുടെയും മകളാണ്.

ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കല്‍ കോളജും ചെറുന്നിയൂര്‍ പ്രദേശവും സന്ദര്‍ശിക്കും. ചെറിന്നിയൂര്‍ മെഡിക്കല്‍ ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക വിവരങ്ങള്‍ തേടിയിരുന്നു. പ്രദേശത്ത് പ്രതിരോധം ശക്തമാക്കും. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ചെള്ളുപനിയെപ്പറ്റി എല്ലാവര്‍ക്കും അവബോധമുണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

∙ എന്താണ് ചെള്ളുപനി

ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്.

∙ ലക്ഷണങ്ങള്‍

ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാകാറുണ്ട്. അതിനാല്‍ രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.

∙ രോഗനിര്‍ണയം

സ്‌ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ രോഗനിര്‍ണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാര്‍, രക്ത പരിശോധനാ ഫലം എന്നിവ രോഗനിര്‍ണയത്തിന് സഹായകരമാണ്. ഒരാഴ്ചയില്‍ നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാല്‍ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും.

∙ പ്രതിരോധ മാര്‍ഗങ്ങള്‍

പുല്ലില്‍ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം. പുല്‍നാമ്പുകളില്‍ നിന്നാണ് കൈകാലുകള്‍ വഴി ചിഗ്ഗര്‍ മൈറ്റുകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതിനാല്‍ കൈകാലുകള്‍ മറയുന്ന വസ്ത്രം ധരിക്കണം. എലി നശീകരണ പ്രവര്‍ത്തനങ്ങള്‍, പുല്‍ച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവ പ്രധാനമാണ്. ആഹാരാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം. പുല്‍മേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം. വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക. രോഗസാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ കൈയ്യുറയും കാലുറയും ധരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker