KeralaNews

ആത്മഹത്യ ചെയ്ത ഡ്രൈവറുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായവുമായി സ്‌കൂള്‍ മാനേജ്‌മെന്റ്

തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ചെമ്പക സ്‌കൂളിലെ ഡ്രൈവറുടെ കുടുംബത്തിന് സഹായവുമായി സ്‌കൂള്‍ മാനേജ്‌മെന്റ്. അഞ്ചുലക്ഷം രൂപ ശ്രീകുമാറിന്റെ കുടുംബത്തിന് നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രശ്നത്തില്‍ കളക്ടര്‍ ഇടപെടണമെന്നും ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ തീരുമാനം.

സ്‌കൂളിന് സമീപം ഓട്ടോറിക്ഷയില്‍ ഇരുന്ന് തീകൊളുത്തിയാണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത്. തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയവര്‍ അഗ്‌നിശമനസേനയെ വിളിച്ചുവരുത്തി. സേനാംഗങ്ങള്‍ തീ അണച്ചെങ്കിലും ശ്രീകുമാര്‍ മരിച്ചിരുന്നു.

കഴിഞ്ഞ പതിനാറ് വര്‍ഷമായി കരിയം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്ന ശ്രീകുമാറിനെ കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ആറു മാസം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ വന്നതോടെ ഡ്രൈവര്‍മാരും ആയമാരും ഉള്‍പ്പടെ 61 പേരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൊഴിലാളികള്‍ സ്‌കൂളിന് സമീപം സമരം നടത്തി വരികയായിരുന്നു. ഔട്ട്സോഴ്സിംഗ് ഏജന്‍സി വഴി ഇവര്‍ക്ക് തന്നെ ജോലി നല്‍കാമെന്ന് ചര്‍ച്ചയില്‍ സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കി. അതിന്റെ ഭാഗമായി സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ജോലിക്കായി എത്തിയതായിരുന്നു ശ്രീകുമാര്‍. എന്നാല്‍ തനിക്ക് പകരം മറ്റുചിലര്‍ ജോലിക്ക് കയറുന്നതാണ് സ്‌കൂളിലെത്തിയ ശ്രീകുമാര്‍ കാണുന്നത്. ജോലി നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ ശ്രീകുമാര്‍ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം.

ചെമ്പക സ്‌കൂളിലെ തന്നെ ആയയാണ് ശ്രീകുമാറിന്റെ ഭാര്യ. രണ്ടുപെണ്‍കുട്ടികളാണ് ശ്രീകുമാറിന്. മകളെ വിവാഹം കഴിപ്പിച്ചയച്ചതും വീടുപണിയും മറ്റുമായി കടബാധ്യതകള്‍ ഉണ്ടായിരുന്നു. കുടുംബത്തിലെ രണ്ടുപേര്‍ക്കും ജോലി നഷ്ടപ്പെട്ടതോടെ വളരെ ബുദ്ധിമുട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker