25.8 C
Kottayam
Friday, March 29, 2024

ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് പൊസിഷന്‍, നിര്‍ദ്ദേശവുമായി സംഗക്കാര

Must read

മുംബൈ: ശ്രീലങ്കക്കെതിരായ ടി20 പരമ്പര നാളെ തുടങ്ങാനിരിക്കെ ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസണ് അനുയോജ്യമായ ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ കുമാര്‍ സംഗക്കാര. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് കഴിയുമെങ്കിലും ഇന്ത്യന്‍ ടീമില്‍ നാലാം നമ്പറാണ് സഞ്ജുവിന് അനുയോജ്യമായ ബാറ്റിംഗ് പൊസിഷനെന്ന് സംഗക്കാര പറഞ്ഞു.

ആദ്യ ആറോ ഏഴോ ഓവര്‍ കഴിഞ്ഞശേഷം ബാറ്റിംഗിനിറങ്ങുന്നതാണ് സഞ്ജുവിന് അനുയോജ്യം. അവന് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനാവും. ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ പലപ്പോഴും സ്ഥിരമായ പൊസിഷനില്‍ കളിക്കാന്‍ കഴിയണമെന്നില്ല.എങ്കിലും നിലവില്‍ സഞ്ജു പലപ്പോഴും ശരിയായ പൊസിഷനിലല്ല  ബാറ്റ് ചെയ്യുന്നത്.

ടി20 ക്രിക്കറ്റില്‍ നാലാം നമ്പറാണ് അവന് അനുയോജ്യമായ ബാറ്റിംഗ് പൊസിഷന്‍. പ്രതിസന്ധിഘട്ടങ്ങളില്‍ സെന്‍സിബിളായി കളിച്ച് ടീമിനെ കര കയറ്റാനും വേണ്ടപ്പോള്‍ ആക്രമിച്ചു കളിക്കാനും സഞ്ജുവിന് കഴിയും. ഏത് പൊസിഷനിലും സഞ്ജുവിനെ ഉപയോഗിക്കാനാവുമെന്നതാണ് ഏറ്റവും വലിയ ഗുണമെന്നും സംഗ സ്പോര്‍ട്സ് ടുഡേയോട് പറഞ്ഞു.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്ന സഞ്ജുവിനെ ഏകദിന ടീമിലേക്കായിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയപ്പോള്‍ ടി20 ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇന്ത്യക്കായി 11 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള സഞ്ജു 16 ടി20കളിലും കളിച്ചു.

ഏകദിനങ്ങളില്‍ 66 റണ്‍സ് ശരാശരിയുള്ള സഞ്ജുവിന് ടി20 ക്രിക്കറ്റില്‍ 135.15 പ്രഹരശേഷിയുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനുശേഷം ആദ്യമായാണ് സഞ്ജു വീണ്ടും ഇന്ത്യയുടെ ടി20 ടീമിലെതുന്നത്. ശ്രീലങ്കക്കെതിരെ നാളെ തുടങ്ങുന്ന ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷനും ടീമിലുള്ളതിനാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week