KeralaNews

ബിജെപിക്കെതിരെ പൊതുവേദിയില്‍ മാത്രം സംസാരിക്കുന്ന ആളാണ് മുഖ്യമന്ത്രി, രഹസ്യ ബാന്ധവമുണ്ടാക്കും: വി ഡി സതീശന്‍

കോഴിക്കോട്:ബി.ജെ.പിക്കെതിരെ പൊതുവേദിയില്‍ മാത്രം സംസാരിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.രഹസ്യമായി ബി.ജെ.പിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ ഒരു മടിയുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കി.

സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു. ഇതിന് പകരമായി കൊടകര കുഴല്‍പണ കേസ് ബി.ജെ.പി നേതാക്കള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാരും അവസാനിപ്പിച്ചുവെന്ന് സതീശന്‍ പറഞ്ഞു.

ഇരു കൂട്ടരും കേസുകളില്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ച് ബാന്ധവത്തില്‍ ഏര്‍പ്പെടുകയാണ്. ഇതിന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചത്. പകല്‍ സംഘപരിവര്‍- സി.പി.എം വിരോധം പറയുകയും രാത്രിയില്‍ സന്ധി ചെയ്യുന്നവരുമാണ് കേരളത്തിലെ ബി.ജെ.പി- സി.പി.എം നേതാക്കാളെന്നും അദ്ദേഹം പറഞ്ഞു.

 കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. എല്‍.ഡി.എഫ് ദുര്‍ബലമായാല്‍ അതിന്‍റെ  ഗുണം യു.ഡി.എഫിന് ലഭിക്കുകയും കേരളത്തില്‍ ബി.ജെ.പി അപ്രസക്തമാകുകയും ചെയ്യും. അതുകൊണ്ടാണ് തെളിവുകളുണ്ടായിട്ടും സി.പി.എം നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങും എത്താതെ പോയത്.

ആനാവൂര്‍ നാഗപ്പനും വി.വി രാജേഷും ഒന്നിച്ചാണ് വിഴിഞ്ഞത്തെ പാവങ്ങള്‍ക്കെതിരെ സമരം ചെയ്തത്. അദാനിക്ക് വേണ്ടിയാണ് സി.പി.എമ്മും ബി.ജെ.പിയും തിരുവനന്തപുരത്ത് ഒന്നിച്ചത്. ആര്‍.എസ്.എസ് ആചാര്യനെന്ന് അറിയപ്പെടുന്ന ഗോള്‍വാള്‍ക്കര്‍ ‘ബെഞ്ച് ഓഫ് തോട്ട്‌സ്’ എന്ന പുസ്തകത്തില്‍ ഭരണഘടനയ്ക്ക് എതിരെ പറഞ്ഞിരിക്കുന്ന അതേ കാര്യങ്ങള്‍ പറഞ്ഞതിന്‍റെ  പേരിലാണ് സജി ചെറിയാന് മന്ത്രി സ്ഥാനത്ത് നിന്നും പുറത്ത് പോകേണ്ടി വന്നത്.

ഗോള്‍വാള്‍ക്കറുടെ ബെഞ്ച് ഓഫ് തോട്ട്‌സും സജി ചെറിയാന്റെ പ്രസംഗവും താതമ്യപ്പെടുത്തിയതിന് പ്രതിപക്ഷ നേതാവിനെതിരെ ആര്‍.എസ്.എസ് കേസ് കൊടുത്തിരിക്കുകയാണ്. എന്നിട്ടാണ് അതേ സജി ചെറിയാനെ മന്ത്രി സഭയിലേക്ക് കൊണ്ടു വരുന്നത്.

എതിരാളികളെ ഇല്ലായ്മ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന ആര്‍.എസ്.എസും സി.പി.എമ്മും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്.  ഇ.പി ജയരാജന്‍ കള്ളപ്പണം വെളുപ്പിച്ചെന്നും അനധികൃതമായി സ്വത്ത് സംമ്പാദിച്ചെന്നും സി.പി.എമ്മിലാണ് ആരോപണം ഉയര്‍ന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികള്‍ എവിടെ പോയി? സി.പി.എം നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ഒരു അന്വേഷണവും നടത്തില്ല. ഇ.പി ജയരാജനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker