ഇതാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പലരും അതിനെ തെറ്റായ രീതില്‍ വ്യാഖ്യാനിച്ചു; വിവാദങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി സായ് പല്ലവി
ചെന്നൈ:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി സായ് പല്ലവിയ്‌ക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് നടന്നു വരുന്നത്. കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരില്‍ മുസ്ലീംങ്ങളെ കൊല്ലുന്നതും തമ്മില്‍ വ്യത്യാസമില്ലെന്നായിരുന്നു സായ് പല്ലവിയുടെ പരാമര്‍ശം. ഇപ്പോഴിതാ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെ ഈ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സായ് പല്ലവി.
സായ് പല്ലവിയുടെ വാക്കുകള്‍
സംസാരിക്കുമ്പോള്‍ രണ്ട് പ്രാവശ്യം ചിന്തിക്കും. കാരണം എന്റെ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുമോയെന്ന് എനിക്ക് പേടിയുണ്ട്. ഞാന്‍ ഇടതിനേയോ വലതിയനോ പിന്തുണക്കുന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നിഷ്പക്ഷമായാണ് നില്‍ക്കുന്നെന്നും വ്യക്തമാക്കിയിരുന്നു. ആദ്യം നമ്മളൊരു നല്ല മനുഷ്യരാകണം. അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കണം.
കാശ്മീര്‍ ഫയല്‍സ് കണ്ടതിന് ശേഷം ഞാന്‍ അസ്വസ്ഥയായിരുന്നു. എല്ലാ തരം കുറ്റകൃത്യങ്ങളും തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏത് മതത്തിലായാലും. ഇതാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ പലരും അതിനെ തെറ്റായ രീതില്‍ വ്യാഖ്യാനിച്ചു. തെറ്റിനെ ന്യായീകരിക്കുന്നതാണെന്ന് പറഞ്ഞു.
ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എല്ലാവരുടെ ജീവന്‍ പ്രധാനപ്പെട്ടതും തുല്യവുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന നാള്‍ മുതല്‍ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്ന് പറഞ്ഞത് എന്നില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. കുട്ടികള്‍ ഒരിക്കലും മതത്തിന്റെയോ സംസ്‌കാരത്തിന്റെയോ ജാതിയുടേയോ പേരില്‍ വേര്‍തിരിവ് കാണിക്കില്ല.
വളരെ നിഷ്പക്ഷമായി സംസാരിച്ചത് അത്തരത്തില്‍ വ്യാഖ്യാനിച്ചുകണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ഞാന്‍ പറഞ്ഞത് മുഴുവനായും മറ്റൊരു രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. അതൊക്കെ കണ്ടപ്പോള്‍ നിരാശ തോന്നി. ഞാന്‍ പറഞ്ഞ ആ ഭാഗം മാത്രമാണ് പ്രചരിക്കപ്പെട്ടത്. അതിന്റെ പിന്നില്‍ എന്താണെന്നോ ബാക്കി എന്താണെന്നോ ആരും കണ്ടിട്ടില്ല. ഈ ഘട്ടത്തില്‍ എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നുവെന്നും താരം പറഞ്ഞു.
നടി സായി പല്ലവിക്കെതിരെ ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പോലീസ് കേസെടുത്തിരുന്നു. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന പ്രസ്താവനയിലാണ് കേസ്. തന്റെ പുതിയ ചിത്രമായ വിരാടപര്‍വത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഇന്റര്‍വ്യൂവില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സായി പല്ലവി.
‘ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരില്‍ ഒരു ഒരു മുസ്ലിമിനെ ചിലര്‍ കൊലപ്പെടുത്തിയതും ഈ അടുത്ത് സംഭവിച്ചു. ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല’ എന്നാണ് അവര്‍ പറഞ്ഞത്.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ നടന്നത്. താരത്തിന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ‘ബോയിക്കോട്ട് സായി പല്ലവി’ എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ വിദ്വേഷ പ്രചരണവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സുല്‍ത്താന്‍ ബസാര്‍ പോലീസ് നടിക്കെതിരെ കേസെടുത്തത്.
‘വെണ്ണെല’ എന്ന കഥാപാത്രമായാണ് സായ് പല്ലവി വിരാടപര്‍വ്വത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാട്ടിയാണ് ചിത്രത്തിലെ നായകന്‍. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.