ലൈംഗിക അതിക്രമത്തിനെതിരായി നടി നടത്തിയ ലൈവിനിടയിലും കമന്‍റുകളിലൂടെ ലൈംഗികാധിക്ഷേപം
കൊച്ചി:തന്‍റെ മോര്‍ഫ് ചെയ്‍ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്നതായ നടി സാധിക വേണുഗോപാലിന്‍റെ പരാതിയില്‍ നടപടിയെടുത്ത് സൈബര്‍ ക്രൈം പൊലീസ്. ഈ കേസില്‍ ആലപ്പുഴ സ്വദേശിയെ പൊലീസ് പിടികൂടി. എന്നാല്‍ കാക്കനാടുള്ള സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇക്കാര്യം ആരാധകരോട് പങ്കുവെക്കാനായി ഇന്‍സ്റ്റഗ്രാമിലൂടെ സാധിക നടത്തിയ ലൈവിനിടയിലും കമന്‍റുകളിലൂടെ താരത്തിനെതിരെ ലൈംഗികാധിക്ഷേപമുണ്ടായി. സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് സാധിക അപ്പോള്‍ത്തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്‍തു.
സാധികയുടെ മോര്‍ഫ് ചെയ്‍ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ അവരെയും അഡ്‍മിന്‍ ആക്കിവച്ചിരുന്നു.പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സാധികയുടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ പ്രതിയെയും കാണാം. സുഹൃത്തുക്കള്‍ക്ക് ഫോണ്‍ നല്‍കിയപ്പോള്‍ അവര്‍ ചെയ്‍ത പ്രവര്‍ത്തി എന്നാണ് പ്രതി പറയുന്നത്. അയാള്‍ എന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്ന് സാധിക പറയുന്നു. ഒപ്പം ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടെന്ന് കണ്ടെത്തി തന്നെ അറിയിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദിയും അറിയിക്കുന്നു സാധിക വേണുഗോപാല്‍.
സാധിക വേണുഗോപാലിന്‍റെ പോസ്റ്റ്
കേരളത്തില്‍ സൈബര്‍ കേസുകള്‍ ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഞാന്‍ നല്‍കിയ പരാതിയുടെ ഗൗരവം മനസിലാക്കി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രതിയെ കണ്ടുപിടിച്ചു തന്ന കൊച്ചിന്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ കാക്കനാടിലെ, ഗിരീഷ് സാറിനും ബേബി സാറിനും മറ്റു ഉദ്യോഗസ്ഥര്‍ക്കും എന്‍റെ നന്ദി അറിയിക്കുന്നു. ഒരു പെണ്‍കുട്ടിയെ മോശമായി ചിത്രീകരിച്ചു സംസാരിക്കുമ്ബോഴും അവളുടെ മോശം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ആഘോഷമാക്കുമ്ബോളും അപകീര്‍ത്തിപ്പെടുത്തുമ്ബോഴും സ്വന്തം വീട്ടിലുള്ള സ്ത്രീകളെപ്പറ്റി, ജന്മം തന്ന അമ്മയെ ഒന്ന് സ്‍മരിക്കുന്നത് നന്നായിരിക്കും. കേരളത്തില്‍ ഒരു പെണ്‍കുട്ടിയും ഒറ്റപ്പെടുന്നില്ല. പരാതി യഥാര്‍ത്ഥമെങ്കില്‍ സഹായത്തിനു കേരള പൊലീസും സൈബര്‍ സെല്ലും സൈബര്‍ ക്രൈം പോലീസും ഒപ്പം ഉണ്ടാകും.
കുറ്റം ചെയ്യുന്ന ഓരോരുത്തര്‍ക്കും ഒരുനാള്‍ പിടിക്കപ്പെടും എന്ന ബോധം വളരെ നല്ലതാണ്. ഇന്ന് നമ്മുടെ വീടുകളില്‍ കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം നടത്താന്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍, 18വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണുകള്‍ കൊടുക്കുമ്ബോള്‍ മാതാപിതാക്കളുടെ ശ്രദ്ധ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ആര്‍ക്കും എന്തും ചെയ്യാവുന്ന വിശാലമായ സൈബര്‍ ലോകത്തിന്‍റെ ഇരകളായി സ്വന്തം കുട്ടികള്‍ മാറുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കുന്നതും സൈബര്‍ കുറ്റകൃത്യത്തിന്‍റെ ദൂഷ്യവശങ്ങള്‍ അവരെ പറഞ്ഞുമനസിലാക്കുന്നതും നല്ലതായിരിക്കും. ( ഈ ക്രൈം ചെയ്ത വ്യക്തി ആലപ്പുഴ സ്വദേശി ആണ്. അയാള്‍ എന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാന്‍ താല്പര്യം ഇല്ല്യ. അതുകൊണ്ട് തന്നെ ഞാന്‍ ഈ കേസ് പിന്‍വലിക്കുന്നു)