KeralaNews

യുക്രൈൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് റഷ്യ,അടുത്ത നീക്കം എന്ത്?

കീവ്:യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് ഏതാനും സേനാവിഭാഗങ്ങളെ പിന്‍വലിച്ച്‌ റഷ്യ.സേനയെ പിന്‍വലിക്കുന്ന കാര്യം റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് വ്യക്തമാക്കിയിരിക്കുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ റഷ്യ സന്ദര്‍ശനത്തിനിടെയാണ് സേനയെ പിന്‍വലിച്ചിരിക്കുന്നത്. സമാധാന ശ്രമങ്ങളുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് പുടിനമായി ഷോള്‍സ് ചര്‍ച്ച നടത്തുന്നുണ്ട്.

യുദ്ധമുണ്ടായാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും നിലപാട് വ്യക്തമാക്കിയിരുന്നു. സൈനിക വിന്യാസം നടത്തിയതിന് ശേഷം, ആദ്യമായാണ് റഷ്യയുടെ ഭാഗത്തുനിന്ന് പിന്‍മാറ്റമുണ്ടായിരിക്കുന്നത്.

റഷ്യയുടെ പടിഞ്ഞാറന്‍, തെക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്നുള്ള യൂണിറ്റുകളാണ് പിന്‍മാറിയിരിക്കുന്നത്. 1,30,000 സൈനികരെയാണ് ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ വിന്യസിച്ചിരുന്നത്.

അതിര്‍ത്തിയില്‍ നിന്ന സേനയെ പിന്‍വലിക്കണമെന്ന അമേരിക്കയുടെയും നാറ്റോയുടെയും ആവശ്യം റഷ്യ തള്ളിയിരുന്നു. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ സേന വിന്യാസം നടത്തുന്നത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ് എന്നായിരുന്നു റഷ്യയുടെ മറപടി.അയല്‍ രാജ്യമായ ബലാറസിലും റഷ്യ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്.

ഇന്ത്യക്കാരോട് രാജ്യം വിടാന്‍ നിര്‍ദേശം

യുദ്ധഭീഷണി നിലനില്‍ക്കുന്ന യുക്രൈയിനിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ഇന്ത്യയുടെ നിര്‍ദേശം. യുക്രെയിനില്‍ ഏകദേശം 20,000 ഇന്ത്യക്കാരാണ് ഉള്ളത്. ഇതില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ അവിടെ തുടരുന്ന എല്ലാവരോടും ഉടന്‍ തന്നെ രാജ്യം വിടാനാണ് കീവിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടത്.

പ്രത്യേകിച്ച്‌ വിദ്യാര്‍ഥികളോട് ഉടന്‍ തന്നെ രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു. യുക്രെയിനില്‍ റഷ്യന്‍ അധിനിവേശ സാധ്യത മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. കൂടാതെ യുക്രെയിനില്‍ എവിടെയാണ് താമസിക്കുന്നത് എന്ന കാര്യം അധികൃതരെ അറിയിക്കണം. ആവശ്യമെങ്കില്‍ ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker