InternationalNews

ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും,മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്‍റ്

കീവ്: യുക്രൈൻ -റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി അറിയിച്ചത്. എന്നാല്‍ ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞുവെന്ന് പ്രസിഡന്‍റ് വ്യക്തമാക്കുന്നില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ബിസി ന്യൂസ് പറയുന്നു.

‘ഫെബ്രുവരി 16 ആക്രമണത്തിന്‍റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്’ യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കുന്നത് ഇത്ര മാത്രമാണ്. യുക്രൈനിനെ ആക്രമിച്ചാൽ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. 12 രാജ്യങ്ങള്‍ യുക്രൈനിൽ നിന്ന് പൗരന്മാരെ പിൻവലിച്ചു തുടങ്ങി. യുക്രൈനിലുള്ളത് നൂറു കണക്കിന് മലയാളികൾ അടക്കം കാൽ ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. വിദേശകാര്യ മന്ത്രാലയം സ്ഥിതി നിരീക്ഷിക്കുകയാണ്.

എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഭയമില്ലെന്ന് റഷ്യ പ്രതികരിച്ചു. മുൻപും ഒട്ടേറെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നും അതു രാജ്യത്തിന്റെ വളർച്ചയ്ക്കാണ് കാരണമായതെന്നും സ്വീഡനിലെ റഷ്യയുടെ സ്ഥാനപതി വിക്ടർ താതറിൻസ്റ്റേവ് പറഞ്ഞു. യുക്രൈന്‍റെ അതിർത്തിയിൽ റഷ്യ 100000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് റഷ്യ വര്‍ദ്ധിപ്പിക്കുന്നതായും കഴിഞ്ഞദിവസം റിപ്പോര്‍ട്ട് വന്നിരുന്നു

വ്യോമാക്രമണത്തിലൂടെ റഷ്യ യുക്രൈന്‍ ആക്രമണത്തിന് തുടക്കം കുറിച്ചേക്കാമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. എന്നാല്‍ അമേരിക്ക യുദ്ധഭീതി പരത്തുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. അതേ സമയം ഏത് നിമിഷവും ആക്രമണം ഉണ്ടായേക്കാം എന്നാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സുള്ളിവന്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker