2000 രൂപ സഹായം, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; വാഗ്ദാനങ്ങള്‍ പാലിക്കാനൊരുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ കൊവിഡ് ദുരിതാശ്വാസം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവുകളില്‍ ഒപ്പുവെച്ച് എം.കെ സ്റ്റാലിന്‍.
കുടുംബങ്ങള്‍ക്ക് 4000 രൂപ ധനസഹായം, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, പാലിന്റെ വില കുറയ്ക്കുക തുടങ്ങിയ 5 ഓര്‍ഡറുകളിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഒപ്പ് വെച്ചിരിക്കുന്നത്. കൊവിഡ് ബാധിത ദുരിതാശ്വാസ പദ്ധതി പ്രകാരം അരി ലഭിക്കാന്‍ അര്‍ഹതയുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആദ്യഗഡുവെന്ന നിലയില്‍ 2000 രൂപ നല്‍കാന്‍ സ്റ്റാലിന്‍ ഉത്തരവിട്ടു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്ക് 4,000 രൂപ ധനസഹായമായി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഡിഎംകെ. വാഗ്ദാനം ചെയ്തിരുന്നു. 4,153.39 കോടി ചെലവു വരുന്ന ഈ പദ്ധതി 2.07 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.
ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് രാവിലെയാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. അദ്ദേഹം ഉള്‍പ്പടെ 34 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈയിലെ രാജ് ഭവനില്‍ ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെയായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പദവിയോട് ഒപ്പം തന്നെ അദ്ദേഹം ആഭ്യന്തര മന്ത്രിയായും ചുമതലയേറ്റിട്ടുണ്ട്. മറ്റ് ചില വകുപ്പുകളിലും അദ്ദേഹം ചുമതലയേറ്റിരുന്നു.