നിരാശപ്പെടുത്തുന്ന പ്രകടനം; കോണ്‍ഗ്രസിനോട് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ ചേരുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വിര്‍ച്വല്‍ യോഗത്തില്‍ അവര്‍ പറഞ്ഞു.
എല്ലാം സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രകടനം നിരാശാജനകവും അപ്രതീക്ഷിതവുമായിരുന്നുവെന്നും ദേശീയ പാര്‍ട്ടി എന്ന നിലയില്‍ തിരിച്ചടികളില്‍ നിന്നും പാഠം പഠിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗാളിലും തമിഴ്നാട്ടിലും അധികാരത്തിലെത്തിയ മമത ബാനര്‍ജി,എം.കെ സ്റ്റാലിന്‍ എന്നിവരെ സോണിയ അഭിനന്ദിച്ചു.
അതേസമയം കൊവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനുണ്ടായ പോരായ്മകളെ രൂക്ഷമായി വിമര്‍ശിക്കാനും സോണിയ മറന്നില്ല. പ്രധാനമന്ത്രി എന്ന നിലയില്‍ മോദി പരാജയമായിരുന്നുവെന്നും എല്ലാ തരത്തിലുള്ള ആശയങ്ങളോടും അര്‍ത്ഥവത്തായ രീതിയിലല്ല പ്രതികരിച്ചതെന്നും അവര്‍ അഭിപ്രായപ്പെട്ടു.