പാകിസ്ഥാനിൽ റോക്കറ്റ് ആക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു,പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഇസ്ലാമാബാദ്: ഭരണമാറ്റത്തിന് പിന്നാലെ പാകിസ്ഥാനിൽ ഭീകരാക്രമണം. ഖൈബർ പ്രവിശ്യയിൽ റോക്കറ്റ് ആക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്ക്. ഷഹബാസ് ഷെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ് ഭീകരാക്രമണം നടന്നത്. ബിലാവൽ ഭൂട്ടോയുടെ പാർട്ടിക്ക് ഏഴു മന്ത്രി സ്ഥാനം ലഭിക്കും.
പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് (70) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എതിർസ്ഥാനാർഥിയും മുൻ വിദേശകാര്യ മന്ത്രിയുമായ ഷാ മെഹ്മൂദ് ഖുറേഷി, പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) അംഗങ്ങൾക്കൊപ്പം വോട്ടെടുപ്പ് ബഹിഷ്കരിച്ചതോടെ എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) പ്രസിഡന്റുമായ ഷഹബാസിന് 174 വോട്ടുകൾ ലഭിച്ചു. 342 അംഗ ദേശീയ അസംബ്ലിയിൽ 172 പേരുടെ പിന്തുണയാണു കേവല ഭൂരിപക്ഷത്തിനുവേണ്ടത്. തൊട്ടുപിന്നാലെ, പിടിഐയിലെ എല്ലാ എംപിമാരും രാജിവച്ചു.
3 തവണ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയായിരുന്ന ഷഹബാസ് പാക്കിസ്ഥാന്റെ 23–ാം പ്രധാനമന്ത്രിയാണ്. പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിൽ മുൻ പ്രസിഡന്റും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) സഹ അധ്യക്ഷനുമായ ആസിഫ് അലി സർദാരിയാണു ഷഹബാസിന്റെ പേരു നിർദേശിച്ചത്.
അതിനിടെ, ഷഹബാസിനും മകൻ ഹംസ ഷഹബാസിനും എതിരെയുള്ള കള്ളപ്പണക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എഫ്ഐഎ) ലഹോറിലെ പ്രത്യേക കോടതി ഈ മാസം 27 ലേക്കു മാറ്റി. ഇരുവരുടെയും ജാമ്യ കാലാവധിയും നീട്ടി.
ഷഹബാസിനും മക്കളായ ഹംസ, സുലൈമാൻ എന്നിവർക്കുമെതിരെ 2020 നവംബറിലാണ് എഫ്ഐഎ അഴിമതിവിരുദ്ധ, കള്ളപ്പണ വിരുദ്ധ നിയമങ്ങൾ പ്രകാരം കേസെടുത്തത്. കുടുംബത്തിന്റെ 28 ബെനാമി അക്കൗണ്ടുകളിലൂടെ 2008–’18 ൽ 1400 കോടി പാക്ക് രൂപയുടെ രഹസ്യഇടപാടുകൾ നടത്തിയെന്നാണു കേസ്.
കേസ് വന്നപ്പോൾ സുലൈമാൻ യുകെയിലേക്കു കടന്നിരുന്നു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിലായിരുന്ന മുൻ പ്രധാനമന്ത്രി നവാസ് ഷരീഫും ചികിത്സയ്ക്കെന്ന പേരിൽ ഇപ്പോൾ ലണ്ടനിലാണ്. ഷഹബാസ് അധികാരത്തിലെത്തിയതോടെ അടുത്ത മാസമാദ്യം തിരിച്ചെത്തുമെന്ന് റിപ്പോർട്ടുണ്ട്
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും മുൻപേയുള്ള പ്രസംഗത്തിൽ തന്നെ ഷഹബാസ് ഷരീഫ് കശ്മീർ വിഷയം ഉന്നയിച്ചു. പ്രത്യേക പദവി റദ്ദാക്കിയപ്പോൾ ഇമ്രാൻ ഖാൻ ഗൗരവപൂർണമായ നയതന്ത്ര ഇടപെടൽ നടത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കിലും കശ്മീർ പ്രശ്നം പരിഹരിക്കാതെ അതു സാധ്യമാവില്ല. വിഷയം എല്ലാ രാജ്യാന്തര വേദികള ിലും ഉന്നയിക്കും. യുഎൻ മാനദണ്ഡങ്ങൾ പാലിച്ചു തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവരണമെന്നും പറഞ്ഞു.