റോബിനെ വീണ്ടും പൂട്ടി എംവിഡി; ബസ് പിടിച്ചെടുത്തു, പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി
പത്തനംതിട്ട: വിവാദമായ റോബിന്‍ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ബസ് എംവിഡി വീണ്ടും പിടിച്ചെടുത്തു. പെര്‍മിറ്റ് ലംഘനം ആരോപിച്ച് തടഞ്ഞ ബസ് പത്തനംതിട്ട എആര്‍ ക്യാമ്പിലേക്കാണ് മാറ്റിയത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ബസ് എംവിഡി പിടിച്ചെടുത്തത്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നടപടി.
നേരത്തെ റോബിന്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബസിന്റെ പെര്‍മിറ്റ് എന്നിവ റദ്ദാക്കാന്‍ നടപടിയെടുക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നൽകുന്ന സൂചന. നിയമലംഘനത്തിന് ആഹ്വാനം നല്‍കിയ വ്‌ളോഗര്‍മാര്‍ക്കെതിരെ കേസെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
രണ്ടാം തവണയാണ് റോബിന്‍ ബസ് എംവിഡി പിടിച്ചെടുക്കുന്നത്. ബസ് പിടിക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെങ്കിലും, തുടര്‍ച്ചയായി നിയമലംഘനം നടത്തി ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത രീതിയില്‍ യാത്ര ചെയ്‌താൽ ബസ് പിടിച്ചെടുക്കാന്‍ നിയമപരമായി അധികാരമുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെ എരുമേലിയില്‍ വെച്ച് ബസ് തടഞ്ഞെങ്കിലും പിഴ ഈടാക്കിയ ശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ പത്തനംതിട്ട എസ്‌പി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ ബസ് തടഞ്ഞ് കസ്‌റ്റഡിയിലെടുക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിക്കുകയായിരുന്നു.
ബസിൽ നിന്ന് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. എംവിഡി നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് ബസ് നടത്തിപ്പുകാരുടെ ആരോപിണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൈലപ്രയില്‍ വച്ച് ബസിന് വീണ്ടും പിഴ ചുമത്തിയിരുന്നു. മുൻപ് ചുമത്തിയതടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോയമ്പത്തൂരില്‍ നിന്ന് മടങ്ങി വരുന്ന വേളയിലായിരുന്നു ബസിനെതിരായ നടപടി.
മുൻപ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പും പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസ് പിടികൂടിയിരുന്നു. തൊടുപുഴയ്ക്ക് സമീപം വെച്ച് കേരള എംവിഡി ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു. 7500 രൂപ പിഴയിട്ടിരുന്നു. പിന്നീട് ഒരിടത്തും പരിശോധന ഉണ്ടായില്ല.
എന്നാൽ വാളയാറും കടന്ന് ഉച്ചയോടെ കോയമ്പത്തൂരിൽ എത്തേണ്ട ബസ് യാത്രക്കാരെ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് രണ്ട് ദിവസം മുൻപാണ് ബസ് വിട്ടയച്ചത്.
റോബിൻ ബസിന് ബദലായി കെഎസ്ആർടിസി പ്രത്യേക കോയമ്പത്തൂർ സർവീസ് ആരംഭിച്ചിരുന്നു. 5 മണിക്കാണ് റോബിൻ ബസ് പുറപ്പെടുന്നതെങ്കിൽ അരമണിക്കൂർ നേരത്തെ 4.30നാണ് കെഎസ്ആർടിസി ലോ ഫ്ലോർ പുറപ്പെടുന്നത്.