കാഞ്ഞിരപ്പള്ളി: പട്ടാപ്പകല്‍ ഡെലിവറി ബോയ് ചമഞ്ഞ് വീട്ടില്‍ കയറി യുവതിയെ അടിച്ചുവീഴ്ത്തി മാല കവര്‍ന്നു. കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിലാണ് സംഭവം. ആലമ്പരപ്പ് കൊച്ചുമാടശേരി അജിത്തിന്റെ ഭാര്യ ഊര്‍മിള (23) ആണ് ആക്രമണത്തിനിരയായത്. കള്ളന്റെ ആക്രമണത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്ന് രാവിലെ 11 ഓടെയാണ് സംഭവമുണ്ടായത്. യുവതിയും നാലും രണ്ടും വയസുള്ള കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഡെലിവറിയുമായി എത്തിയയാള്‍ എന്ന വ്യാജേനയാണ് കള്ളനെത്തിയത്. ഫ്‌ളിപ്കാര്‍ട്ടില്‍ സാധനം ഓര്‍ഡര്‍ ചെയ്തിരുന്നതിനാലും ഡെലിവറി ബോയ്‌സിന്റെ തോളില്‍ കാണുന്ന ബാഗുണ്ടായിരുന്നതിനാലും യുവതിക്ക് സംശയം തോന്നിയില്ല. മാല പൊട്ടിക്കാന്‍ ശ്രമിച്ചതോടെ യുവതി തടയാന്‍ നോക്കി. പിന്നാലെ യുവതിയെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപെടുകയായിരുന്നു.
രണ്ടുപേരാണ് എത്തിയതെന്ന് പിന്നീട് യുവതി പോലീസിന് മൊഴി നല്‍കി. കള്ളന്റെ പിന്നാലെ ഓടിയപ്പോള്‍ റോഡില്‍ മറ്റൊരാള്‍ ബൈക്കില്‍ കാത്തുനില്‍പ്പുണ്ടായിരുന്നതും യുവതി കണ്ടു. ഈ ബൈക്കിന്റെ പിന്നില്‍ കയറിയാണ് മാല പൊട്ടിച്ചയാള്‍ കടന്നുകളഞ്ഞത്. മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ചാണ് വീട്ടില്‍ കയറിയയാള്‍ എത്തിയത്. അതിനാള്‍ കള്ളന്റെ മുഖം വ്യക്തമായില്ല.
കഴുത്തില്‍ നിന്നു നഷ്ടമായ ആഭരണം മുക്കുപണ്ടമാണെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്ത് സമാനരീതിയില്‍ മുന്‍പും സംഭവമുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.