CrimeNationalNews

സൂപ്പര്‍താരം ആരാധകനെ കൊന്നതും സിനിമാസ്‌റ്റൈലിൽ; കുറ്റം ഏറ്റെടുക്കാൻ ടാക്‌സി ഡ്രൈവറെ നിർബന്ധിച്ചു,വെളിപ്പെടുത്തല്‍

ബെംഗളൂരു: കന്നഡ നടന്‍ ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസില്‍ കുറ്റം ഏറ്റെടുക്കാനായി ടാക്‌സി ഡ്രൈവറെ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട രേണുകാസ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് ബെംഗളൂരുവിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറായ രവിശങ്കറിനോടാണ് കൊലയാളികള്‍ കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, രവിശങ്കര്‍ ഇതിന് വിസമ്മതിച്ചെന്നും തുടര്‍ന്ന് ടാക്‌സി വാടക വാങ്ങി ബെംഗളൂരുവില്‍നിന്ന് മടങ്ങുകയാണുണ്ടായതെന്നും ഇയാളുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് നടന്‍ ദര്‍ശനും നടി പവിത്രയും കൊലക്കേസില്‍ അറസ്റ്റിലായത് രവിശങ്കര്‍ അറിഞ്ഞത്. കേസില്‍ താനും പ്രതിയാണെന്ന വിവരവും മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ അറിഞ്ഞത്. ഇതോടെ പകച്ചുപോയ രവിശങ്കര്‍ സുഹൃത്തുക്കളുടെ അടുത്തെത്തി കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞതായാണ് റിപ്പോര്‍ട്ട്. സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച ഇയാള്‍ ചിത്രദുര്‍ഗ പോലീസില്‍ കീഴടങ്ങുകയായിരുന്നു.

കൃത്യം നടന്ന ദിവസം രാവിലെ ദര്‍ശന്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിയായ ജഗദീഷ് എന്നയാളാണ് രവിശങ്കറിന്റെ ടാക്‌സി ഓട്ടത്തിനായി വിളിച്ചതെന്നാണ് മറ്റുഡ്രൈവര്‍മാര്‍ പറയുന്നത്. ബെംഗളൂരുവിലേക്ക് പോകാനായി ചിത്രദുര്‍ഗയിലെ ടാക്‌സി ഡ്രൈവറായ സുരേഷിനെയാണ് ഇയാള്‍ ആദ്യം സമീപിച്ചത്. എന്നാല്‍, ചിക്കമഗളൂരുവിലേക്ക് നേരത്തെ ബുക്ക്‌ചെയ്ത ഓട്ടംപോകേണ്ടതിനാല്‍ സുരേഷാണ് രവിശങ്കറിനെ ബന്ധപ്പെടുത്തിയത്. തുടര്‍ന്ന് രവിശങ്കര്‍ ജഗദീഷിനെ വിളിക്കുകയും ഇയാള്‍ പറഞ്ഞതനുസരിച്ച് ഒരു പെട്രോള്‍ പമ്പിന് സമീപത്തുനിന്ന് നാലുപേരെ വാഹനത്തില്‍ കയറ്റുകയുംചെയ്തു.

കൊല്ലപ്പെട്ട രേണുകാസ്വാമി, ദര്‍ശന്‍ ഫാന്‍സ് ഭാരവാഹികളായ രാഘവേന്ദ്ര, ജഗദീഷ്, അനുകുമാര്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ബലംപ്രയോഗമൊന്നും നടത്താതെയാണ് പ്രതികള്‍ രേണുകാസ്വാമിയെ വാഹനത്തില്‍ കയറ്റിയത്. യാത്രയ്ക്കിടെയും രേണുകാസ്വാമിക്ക് ഭയമൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ രേണുകാസ്വാമിയെയും കൂട്ടി ഇവര്‍ ഉച്ചഭക്ഷണവും കഴിച്ചു. തുമകുരു ടോള്‍ബൂത്തിന് സമീപത്തെ ഹോട്ടലില്‍നിന്നാണ് രേണുകാസ്വാമി അടക്കമുള്ളവര്‍ ഭക്ഷണം കഴിച്ചത്.

യാത്രയ്ക്കിടെ പവിത്ര ഗൗഡക്കെതിരേ കമന്റിട്ടത് സംബന്ധിച്ച് മറ്റുള്ളവര്‍ രേണുകാസ്വാമിയോട് ചോദിച്ചിരുന്നു. നടന്‍ ദര്‍ശന്റെ അടുത്തേക്കാണ് കൊണ്ടുപോകുന്നതെന്നും സംഭവത്തില്‍ അദ്ദേഹത്തോട് മാപ്പ് പറയണമെന്നും ഇവര്‍ രേണുകാസ്വാമിയോട് പറഞ്ഞു. എന്നാല്‍, താന്‍ മോശമായരീതിയില്‍ കമന്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിപ്പിക്കാനായിരുന്നു ദര്‍ശന്റെ ആരാധകനായ രേണുകാസ്വാമിയുടെ ശ്രമം.

ബെംഗളൂരു നൈസ് റോഡില്‍ എത്തിയപ്പോളാണ് കാറിലുണ്ടായിരുന്നവരുടെ മൊബൈലിലേക്ക് ഒരു ലൊക്കേഷന്‍ മാപ്പ് അയച്ചുകിട്ടിയത്. തുടര്‍ന്ന് വാഹനം പട്ടണഗരെയിലെ ഷെഡ്ഡിലേക്ക് തിരിച്ചു. ഇവിടെവെച്ചാണ് രേണുകാസ്വാമിയെ പ്രതികള്‍ കൊലപ്പെടുത്തിയത്.

സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്നവിധത്തിലായിരുന്നു പട്ടണഗരെയിലെ ഷെഡ്ഡില്‍ കൊലപാതകം നടന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ജൂണ്‍ എട്ടിന് വൈകിട്ട് മൂന്നുമണിയോടെ രവിശങ്കറിന്റെ വാഹനം എത്തുമ്പോള്‍ ഏകദേശം മുപ്പതോളം പേര്‍ ഇവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇവരില്‍ ചിലര്‍ മടങ്ങിപ്പോയി. പിന്നാലെയാണ് രേണുകാസ്വാമിയെ മര്‍ദിക്കാന്‍ ആരംഭിച്ചത്. ഈ സമയം മുതല്‍ രാത്രി വൈകും വരെ ടാക്‌സി ഡ്രൈവറായ രവിശങ്കര്‍ ഷെഡ്ഡിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെ, പലരും ഷെഡ്ഡിനുള്ളിലേക്ക് വരികയും പോവുകയുംചെയ്തു.

പിന്നാലെ ഷെഡ്ഡില്‍നിന്ന് ചില ശബ്ദങ്ങളും കേട്ടു. അകത്ത് എന്താണെന്ന് നടക്കുന്നതറിയാതെ പുറത്തുനിന്ന രവിശങ്കര്‍ എത്രയുംവേഗം ടാക്‌സി കൂലിയും വാങ്ങി സ്ഥലത്തുനിന്ന് മടങ്ങാനാണ് വിചാരിച്ചത്. എന്നാല്‍, വാടക കിട്ടാനായി അര്‍ധരാത്രി വരെ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെ, കൊലയാളിസംഘത്തില്‍പ്പെട്ട ഒരാള്‍ കൊലക്കുറ്റം ഏറ്റെടുത്താല്‍ പാരിതോഷികം തരാമെന്ന് വാഗ്ദാനംചെയ്തു. എന്നാല്‍, രവിശങ്കര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ടാക്‌സി കൂലിയായ 4000 രൂപയും വാങ്ങി രവിശങ്കര്‍ അവിടെനിന്ന് മടങ്ങുകയായിരുന്നുവെന്നും ഇയാളുടെ സുഹൃത്തുക്കള്‍ പറഞ്ഞു.

ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ 16 പേരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. നടി പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. നടന്‍ ദര്‍ശന്‍ രണ്ടാംപ്രതിയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker