നാദാപുരം: നാദാപുരം പഞ്ചായത്ത് ഓഫീസില്‍ ഭരണസമിതി അംഗങ്ങള്‍ക്ക് തമ്മില്‍ കയ്യാങ്കളി. രണ്ട് അംഗങ്ങള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുഡിഎഫിലെയും എല്‍ഡിഎഫിലെയും രണ്ട് വനിതാ അംഗങ്ങളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വൈസ് പ്രസിഡന്റിന്റെ പേരില്‍ പ്രചരിക്കുന്ന അശ്ശീല വീഡിയോയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വീഡിയോയുടെ ഉത്തരവദിത്വം ഏറ്റെടുത്ത് വൈസ് പ്രസിഡന്റ് രാജി വെക്കണമെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് അംഗങ്ങള്‍ പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തി. തുടര്‍ന്ന് ഭരണസമിതി യോഗം ചേര്‍ന്നപ്പോഴാണ് എല്‍ഡിഎഫ് – യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
വൈസ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബന്ധപ്പെട്ട് ഈ മാസം ഇത് രണ്ടാം തവണയാണ് പഞ്ചായത്ത് ഓഫീസില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത്. ഇന്നലെ എല്‍ഡിഎഫ് അംഗങ്ങള്‍ വൈസ് പ്രസിഡന്റിനെ ഉപരോധിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നരയോടെ നാദാപുരം പോലീസ് സ്ഥലത്തെത്തി എല്‍ഡിഎഫ് അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.